ബ്രാഞ്ജലീന ഇനിയില്ല
Wednesday, January 1, 2025 12:14 AM IST
ന്യൂയോർക്: ഹോളിവുഡ് താരബ്രാൻഡ് ബ്രാഞ്ജലീന ഇനിയില്ല. എട്ടു വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ഹോളിവുഡ് നടി ആഞ്ജലീന ജോളിയും നടൻ ബ്രാഡ് പിറ്റും വിവാഹമോചനം നേടി. വിവാഹമോചന കരാറിലെ വ്യവസ്ഥകൾ പരസ്യമാക്കിയിട്ടില്ല.
2014ൽ വിവാഹിതരായ താരജോഡികൾക്ക് ആറു കുട്ടികളാണുള്ളത്. പൊരുത്തപ്പെട്ടുപോകാനാകില്ലെന്ന് ചൂണ്ടിക്കാട്ടി 2016ൽ ആഞ്ജലീന ജോളിയാണ് വിവാഹമോചന അപേക്ഷ നൽകുന്നത്.
സ്വകാര്യ ജെറ്റിൽവച്ച് തന്നോടും രണ്ടു മക്കളോടും ബ്രാഡ് പിറ്റ് മോശമായി പെരുമാറിയെന്ന് അവർ പിന്നീട് കോടതിയിൽ വെളിപ്പെടുത്തി. എന്നാല്‍, ബ്രാഡ് ഈ ആരോപണം നിഷേധിച്ചു. അന്വേഷണത്തെത്തുടര്‍ന്ന്, ബ്രാഡിനെതിരേ കുറ്റം ചുമത്തിയിരുന്നില്ല. ദമ്പതികളുടെ ഒരു മകളായ ഷിലോ തന്റെ പേരിൽനിന്നു ബ്രാഡിന്റെ പേര് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. രണ്ടു കുട്ടികൾകൂടി ബ്രാഡിന്റെ പേര് ഉപയോഗിക്കുന്നത് അവസാനിപ്പിച്ചതായി റിപ്പോർട്ടുണ്ട്.
2005-ൽ പുറത്തിറങ്ങിയ മിസ്റ്റർ ആൻഡ് മിസിസ് സ്മിത്തിന്റെ സെറ്റിൽവച്ചാണ് ബ്രാഡ് പിറ്റും ജോളിയും പ്രണയത്തിലാകുന്നത്. 2014ലാണ് ഔദ്യോഗികമായി വിവാഹിതരായത്. ബ്രാഡ് പിറ്റിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ജോളിയുടെ മൂന്നാം വിവാഹവും.
ഈ ബന്ധത്തിൽ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജോളി ജന്മം നല്കി. ഇരുവരും ചേര്‍ന്ന് മൂന്ന് കുട്ടികളെ ദത്തെടുക്കുകയും ചെയ്തു.
വിവാഹമോചനം നടന്നെങ്കിലും ഇരുവർക്കും ഉടമസ്ഥാവകാശമുള്ള ചില സ്വത്തുക്കൾ സംബന്ധിച്ച് തർക്കം നിലനിൽക്കുന്നുണ്ട്.