യുക്രെയ്ൻ അഭയാർഥികൾക്ക് സഹായം നിർത്തുമെന്ന് സ്ലൊവാക്യ
Saturday, January 4, 2025 1:25 AM IST
ബ്രാറ്റിസ്ലാവ: റഷ്യൻ വാതകവിതരണം നിലച്ചതിനു പ്രതികാരമായി യുക്രെയ്ൻ അഭയാർഥികൾക്കുള്ള സാന്പത്തികസഹായം നിർത്തലാക്കുമെന്ന് സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിസോ ഭീഷണി മുഴക്കി.
യുക്രെയ്നിലെ പൈപ്പ്ലൈനുകളിൽക്കൂടി യൂറോപ്പിലേക്കുള്ള റഷ്യൻ വാതകവിതരണം പുതുവത്സരദിനത്തിലാണു നിലച്ചത്. കരാർ പുതുക്കാൻ യുക്രെയ്ൻ വിസമ്മതിച്ച സാഹചര്യത്തിലായിരുന്നു ഇത്.
യുക്രെയ്നിൽനിന്ന് സ്ലൊവാക്യയിലൂടെയാണ് പൈപ്പുകൾ ഇതര യൂറോപ്യൻ രാജ്യങ്ങളിലെത്തുന്നത്. വാതക വിതരണം നിലച്ചതുമൂലം സ്ലൊവാക്യയ്ക്കു വാടകയിനത്തിൽ ലഭിച്ചിരുന്ന 51.8 കോടി ഡോളർ ഇല്ലാതായെന്ന് പ്രധാനമന്ത്രി ഫിസോ പരാതിപ്പെട്ടു.
സ്ലൊവാക്യയിലുള്ള 1.3 ലക്ഷം യുക്രെയ്ൻ അഭയാർഥികൾക്കുള്ള സാന്പത്തികസഹായം വലിയതോതിൽ വെട്ടിച്ചുരുക്കുമെന്നാണു ഫിസോ പറഞ്ഞത്.
യുക്രെയ്നു വൈദ്യുതി നല്കുന്നത് അവസാനിപ്പിക്കുമെന്നും അദ്ദേഹം മുന്പ് ഭീഷണി മുഴക്കിയിട്ടുണ്ട്. ഇങ്ങനെയുണ്ടായാൽ യുക്രെയ്നു വൈദ്യുതി നൽകാൻ തയാറാണെന്ന് പോളണ്ട് അറിയിച്ചു. ഇതിനിടെ, റഷ്യൻ വാതകം കിട്ടാതായതോടെ യൂറോപ്യൻ യൂണിയനിൽ അംഗമല്ലാത്ത മോൾഡോവ കടുത്ത പ്രതിസന്ധിയിലായി