മലിനീകരണം: ഒന്നാം സ്ഥാനം ഹാനോയി നഗരത്തിന്
Saturday, January 4, 2025 1:25 AM IST
ഹാനോയി: ലോകത്തിലെ ഏറ്റവും മലിനീകൃത നഗരമെന്ന കുപ്രസിദ്ധി വിയറ്റ്നാം തലസ്ഥാനമായ ഹാനോയിക്ക്.
ആഗോളതലത്തിൽ വായുമലിനീകരണം നിരീക്ഷിക്കുന്ന എയർവിഷ്വൽ എന്ന സംഘടനയുടെ കണക്കുപ്രകാരം ഹാനോയി നഗരത്തിലെ ഒരോ ഘന മീറ്ററിലും 266 മൈക്രോഗ്രാം മലിനീകൃത കണങ്ങൾ അടങ്ങിയിരിക്കുന്നു.
കാഴ്ച അസാധ്യമാക്കുന്ന പുക പോലെയാണു നഗരത്തിലെ അന്തരീക്ഷം. വാഹനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, ആവശ്യമില്ലാത്ത വസ്തുക്കൾ കത്തിച്ചുകളയുന്ന പ്രവണത തുടങ്ങിയവയാണു മലിനീകരണം വർധിക്കാനുള്ള കാരണം.
മലിനീകരണം കുറയ്ക്കാൻ ഇലക്ട്രിക് വാഹനങ്ങൾ നിർബന്ധമാക്കാനുള്ള നീക്കത്തിലാണു വിയറ്റ്നാം സർക്കാർ. 2030ഓടെ ബസുകളിൽ 50 ശതമാനവും ടാക്സികൾ പൂർണമായും ഇലക്ട്രിക് ആക്കും.