കൊറിയൻ വ്യോമയാന മേഖലയിൽ സമഗ്ര സുരക്ഷാ പരിശോധന
Monday, December 30, 2024 11:11 PM IST
സീയൂൾ: ദക്ഷിണകൊറിയൻ വ്യോമയാന മേഖലയിൽ സമഗ്ര സുരക്ഷാപരിശോധന നടത്താൻ ആക്ടിംഗ് പ്രസിഡന്റ് ചോയിം സാംഗ് മോക് ഉത്തരവിട്ടു. 179 പേർ കൊല്ലപ്പെട്ട മുവാൻ വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ഇതിനു പിന്നാലെ ദക്ഷിണകൊറിയൻ എയർലൈൻസുകൾ ഉപയോഗിക്കുന്ന 101 ബോയിംഗ് 737-800 വിമാനങ്ങളിൽ അടിയന്തരപരിശോധന നടത്തുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.
ഞായറാഴ്ച ബാങ്കോക്കിൽനിന്നു വരുകയായിരുന്ന ജെജു എയർലൈൻസിന്റെ ബോയിംഗ് വിമാനം മുവാൻ വിമാനത്താവളത്തിലിറങ്ങവേ റൺവേയിൽനിന്നു തെന്നിമാറി കോൺക്രീറ്റ് മതിലിലിടിച്ചു കത്തുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 181 പേരിൽ രണ്ടു പേർ മാത്രമാണ് രക്ഷപ്പെട്ടത്.
വിമാനത്തിൽ പക്ഷിയിടിച്ചതാണോ അപകടകാരണമെന്ന് അന്വേഷിക്കുന്നു. വിമാനം അതിവേഗത്തിൽ ഇറക്കാൻ പൈലറ്റ് ശ്രമിച്ചത് എന്തിനാണെന്നും വ്യക്തമായിട്ടില്ല. ലാൻഡിംഗ് ഗിയർ പ്രവർത്തിക്കാതിരുന്നതിന്റെ കാരണവും അന്വേഷിക്കുന്നുണ്ട്.
മൃതദേഹങ്ങൾ തിരിച്ചറിയുന്നതിലും മരിച്ചവരുടെ കുടുംബങ്ങൾക്കു സഹായം നല്കുന്നതിലുമാണ് ഇപ്പോൾ ശ്രദ്ധയെന്ന് ആക്ടിംഗ് പ്രസിഡന്റ് അറിയിച്ചു. അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ റിപ്പോർട്ട് എത്രയും വേഗം പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.