റോമിൽ മൂന്നാമത്തെ വിശുദ്ധ വാതിൽ തുറന്നു
Monday, December 30, 2024 1:10 AM IST
വത്തിക്കാൻ സിറ്റി: ജൂബിലിവർഷാചരണത്തിന്റെ ഭാഗമായി റോമിലെ ജോൺ ലാറ്ററൻ ബസിലിക്കയിലെ വിശുദ്ധ വാതിൽ തുറന്നു. റോം രൂപത വികാരി ജനറാൾ കർദിനാൾ ബൽദസാരെ റെയീനയാണ് വിശുദ്ധ വാതിൽ തുറന്നത്. റോം രൂപതയുടെ കത്തീഡ്രൽ പള്ളിയാണിത്.
കഴിഞ്ഞ 24ന് രാത്രിയിൽ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ വിശുദ്ധ വാതിൽ ഫ്രാൻസിസ് മാർപാപ്പ തുറന്നതോടെ ജൂബിലിവർഷത്തിനു തുടക്കമായി. അതിനുശേഷം മാർപാപ്പ 26ന് റോമിലെ റെബീബിയയിലുള്ള ജയിൽ കപ്പേളയിൽ വിശുദ്ധ വാതിൽ തുറക്കുകയും വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു. സഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു തടവറയിൽ വിശുദ്ധ വാതിൽ തുറക്കപ്പെട്ടത്.
ഇനി, റോമിലെ മേജർ ബസിലിക്കകളിൽ തുറക്കപ്പെടാനുള്ളത് രണ്ടു വിശുദ്ധ വാതിലുകളാണ്. മേരി മേജർ ബസിലിക്കയുടെ വിശുദ്ധ വാതിൽ ജനുവരി ഒന്നിനും വിശുദ്ധ പൗലോസിന്റെ ബസിലിക്കയുടെ വിശുദ്ധ വാതിൽ ജനുവരി അഞ്ചിനുമായിരിക്കും തുറക്കപ്പെടുക.