ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം ചെയ്യാന്‍ പാക്കിസ്ഥാനിലെത്തി; യുപി സ്വദേശി ജയിലിൽ
Friday, January 3, 2025 2:32 AM IST
ലാഹോർ/അലിഗഡ്: ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം ചെയ്യാൻ അനധികൃതമായി പാക്കിസ്ഥാനിലെത്തിയ യുപിക്കാരൻ ജയിലിലായി. അലിഗഡ് ജില്ലക്കാരനായ ബാദൽ ബാബുവാണ് ഡിസംബർ 28ന് മണ്ഡി ബഹാവുദ്ദീൻ ജില്ലയിൽവച്ച് അറസ്റ്റിലായത്.
ബാബുവിന്റെ സുഹൃത്തായ സനാ റാണിയുടെ (21) മൊഴി പാക്കിസ്ഥാൻ പോലീസ് രേഖപ്പെടുത്തി. ബാബുവും താനും രണ്ടര വർഷമായി ഫേസ്ബുക്ക് സുഹൃത്തുക്കളാണെന്നും എന്നാൽ, ബാബുവിനെ വിവാഹം ചെയ്യാൻ താത്പര്യമില്ലെന്നും സന റാണി അറിയിച്ചു.
മണ്ഡി ബഹാവുദ്ദീൻ ജില്ലയിലെ മാവുംഗ് ഗ്രാമക്കാരിയാണ് സനാ റാണി. മാവുംഗിൽവച്ചാണ് ബാദൽ ബാബുവിനെ പിടികൂടിയത്. സനാ റാണിയെ ബാബു കണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.
പാക്കിസ്ഥാന്റെ ഫോറിൻ ആക്ട് പ്രകാരമാണ് ബാബുവിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. പത്താം തീയതി വീണ്ടും കേസ് പരിഗണിക്കും.
ബാബുവിന്റെ അറസ്റ്റ് സമൂഹമാധ്യമത്തിലൂടെയാണ് അറിഞ്ഞതെന്ന് പിതാവ് കിർപാൽ സിംഗ് പറഞ്ഞു. ബാബുവിന്റെ മോചനത്തിന് ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കുടുംബം അഭ്യർഥിച്ചു. ബാബുവിന്റെ വിഷയം വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കുമെന്ന് അലിഗഡ് (റൂറൽ) പോലീസ് സൂപ്രണ്ട് അമൃത് ജയിൻ പറഞ്ഞു.