കർദിനാൾ ആഞ്ചലോ അമാത്തോ ദിവംഗതനായി
Thursday, January 2, 2025 2:56 AM IST
വത്തിക്കാൻ സിറ്റി: വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ മുൻ തലവന്‍ കര്‍ദിനാള്‍ ആഞ്ചലോ അമാത്തോ (86) ദിവംഗതനായി.
കബറടക്ക ശുശ്രൂഷ ഇന്ന് പ്രാദേശികസമയം ഉച്ചകഴിഞ്ഞു രണ്ടിന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കും. കർദിനാൾ ജിയോവാന്നി ബാറ്റിസ്റ്റ റെ മുഖ്യകാർമികത്വം വഹിക്കും. ശുശ്രൂഷയുടെ അവസാനഘട്ട കർമങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പ മുഖ്യകാർമികത്വം വഹിക്കും.
ജോൺ പോൾ രണ്ടാമൻ മാർപാപ്പ, മദർ തെരേസ, ഫ്രാൻസിസ്കോ, ജസീന്ത തുടങ്ങി 913 സമുന്നത വ്യക്തിത്വങ്ങളെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്താനുള്ള നടപടിക്രമങ്ങൾക്ക് കർദിനാൾ ആഞ്ചലോ നേതൃത്വം നൽകി. സിസ്റ്റർ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പദവി പ്രഖ്യാപനത്തിനു നേതൃത്വം നല്കാന് 2017ൽ അദ്ദേഹം ഇന്ഡോറിലെത്തിയിരുന്നു.
സലേഷ്യൻ സന്യാസ സമൂഹാംഗമായിരുന്ന കർദിനാൾ ആഞ്ചലോ നാലു പതിറ്റാണ്ടോളം വത്തിക്കാനിൽ വിവിധ മേഖലകളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്.
ഇറ്റലിയിലെ മൊൽഫെറ്റയിൽ 1938 ജൂൺ എട്ടിനു ജനിച്ച അദ്ദേഹം 1967ൽ വൈദികനായി. പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലും പൊന്തിഫിക്കൽ സലേഷ്യൻ യൂണിവേഴ്സിറ്റിയിലും ഡീനായി പ്രവർത്തിച്ചു.
2002ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ വിശ്വാസ തിരുസംഘത്തിന്റെ സെക്രട്ടറിയായി നിയമിച്ചു. 2008ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ വിശുദ്ധരുടെ നാമകരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ അധ്യക്ഷനായി നിയമിച്ചു. 2010ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ അദ്ദേഹത്തെ കർദിനാൾ സ്ഥാനത്തേക്ക് ഉയർത്തി.
കർദിനാൾ ആഞ്ചലോ അമാത്തോയുടെ നിര്യാണത്തിൽ ഫ്രാൻസിസ് മാർപാപ്പ അനുശോചിച്ചു. സഭയ്ക്കും സുവിശേഷത്തിനും വേണ്ടി അദ്ദേഹം ചെയ്ത സേവനങ്ങൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് മാർപാപ്പ പറഞ്ഞു.