പ്രതിഷേധത്തിനിടെ മിഖായേല്‍ കാവെലാഷ്വിലി ജോർജിയൻ പ്രസിഡന്റായി സ്ഥാനമേറ്റു
Monday, December 30, 2024 1:10 AM IST
ടിബിലിസി: ജോര്‍ജിയയുടെ പ്രസിഡന്റായി റഷ്യാ അനുകൂലിയായ മുന്‍ ഫുട്ബോള്‍ താരം മിഖായേല്‍ കാവെലാഷ്വിലി അധികാരമേറ്റു. യൂറോപ്യൻ അനുകൂലിയായ മുന്‍ പ്രസിഡന്റ് സലോം സുരബിഷ്വിലി അധികാരമൊഴിയാൻ വിസമ്മതിച്ചെങ്കിലും പ്രസിഡന്റിന്റെ ഔദ്യോഗികവസതി ഒഴിഞ്ഞുകൊടുത്തു.
സുരബിഷ്വിലിയുടെ അനുയായികൾ ഇന്നലെ ചുവപ്പുകാർഡുമായി പ്രതിഷേധപ്രകടനം നടത്തി. പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത സുരബിഷ്വിലി, കാവെലാഷ്വിലിയുടെ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമാണെന്ന് ആരോപിച്ചു.
യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നത് വൈകിപ്പിക്കുന്നുവെന്നാരോപിച്ച് ജോര്‍ജിയയില്‍ പ്രതിഷേധം കത്തിപ്പടരുന്നതിനിടെയാണു പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കുന്നത്.
ഒക്ടോബര്‍ 26നു നടന്ന തെരഞ്ഞെടുപ്പില്‍ 300 അംഗ പാര്‍ലമെന്റില്‍ കാവെലാഷ്വിലിയുടെ ജോര്‍ജിയന്‍ ഡ്രീം പാര്‍ട്ടി ഭൂരിപക്ഷം നേടിയിരുന്നു. റഷ്യ അനുകൂല, യൂറോപ്യന്‍ യൂണിയന് വിരുദ്ധ സഖ്യമായ പീപ്പിള്‍സ് പവറിന്റെ ഭാഗമാണു ജോര്‍ജിയന്‍ ഡ്രീം. റഷ്യയുടെ സഹായത്തോടെ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയാണ് മിഖായേല്‍ വിജയിച്ചതെന്നു പ്രതിഷേധക്കാര്‍ ആരോപിച്ചിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റി മുന്‍ സ്ട്രൈക്കറായ കാവെലാഷ്വിലി 2016 മുതല്‍ പാര്‍ലമെന്റ് അംഗമായിരുന്നു. 2008ല്‍ റഷ്യന്‍ സേന ജോര്‍ജിയയുടെ ഭാഗമായ ദക്ഷിണ ഒസെത്തിയ, അബ്ഖാസിയ പ്രദേശങ്ങൾ പിടിച്ചെടുത്തിരുന്നു.