യുഎസ് ട്രഷറി കംപ്യൂട്ടർ ശൃംഖലയിൽ നുഴഞ്ഞുകയറി ചൈനീസ് ഹാക്കർമാർ
Wednesday, January 1, 2025 12:14 AM IST
വാഷിംഗ്ടൺ: യുഎസ് ട്രഷറി വകുപ്പ് കംപ്യൂട്ടർ ശൃംഖലയിൽ നുഴഞ്ഞുകയറി ചൈനീസ് ഹാക്കർമാർ. നിരവധി രേഖകൾ ഹാക്കർമാർ കവർന്നു. എത്ര കംപ്യൂട്ടറുകളിൽ നുഴഞ്ഞുകയറിയെന്നോ ഏതെല്ലാം രേഖകൾ നഷ്ടമായെന്നോ ട്രഷറി വകുപ്പ് വ്യക്തമാക്കിയിട്ടില്ല.
ഡിസംബർ എട്ടിനാണ് ഹാക്കിംഗ് സംബന്ധിച്ച് അറിയുന്നത്. സംഭവത്തിൽ എഫ്ബിഐ, സൈബർസെക്യൂരിറ്റി ഏജൻസി എന്നിവയുമായി ചേർന്ന് അന്വേഷണം നടത്തിവരികയാണെന്നു ട്രഷറി വകുപ്പ് അറിയിച്ചു.
ചൈന സ്പോൺസർ ചെയ്ത ഹാക്കർമാരാണു സംഭവത്തിനു പിന്നിലെന്നും ട്രഷറി വകുപ്പ് ആരോപിച്ചു. എന്നാൽ, ചൈന ആരോപണം നിഷേധിച്ചു. അടിസ്ഥാന രഹിതമായ ആരോപണമാണിതെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് മാവോ നിംഗ് പറഞ്ഞു.