നോർവെയിൽ വിമാനം റൺവെയിൽനിന്നു തെന്നിമാറി
Monday, December 30, 2024 1:10 AM IST
ഒസ്ലോ: അടിയന്തര ലാൻഡിംഗിനിടെ വിമാനം റൺവെയിൽനിന്നു തെന്നിമാറിയത് ആശങ്ക പരത്തി. നോർവെയിലെ തോർപ് നഗരത്തിലുള്ള സാന്ദെഫോർഡ് വിമാനത്താവളത്തിൽ ശനിയാഴ്ചയായിരുന്നു സംഭവം.
റോയൽ ഡച്ച് എയർലൈൻസിന്റെ ബോയിംഗ് 737-800 വിമാനമാണ് തലനാരിഴയ്ക്ക് അപകടത്തിൽനിന്നു രക്ഷപ്പെട്ടത്. ലാൻഡിംഗ് റോളിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം അടുത്തുള്ള പുൽമേട്ടിലേക്ക് തെന്നിമാറുകയായിരുന്നു. 182 യാത്രക്കാർ സഞ്ചരിച്ച വിമാനം തലസ്ഥാനമായ ഒസ്ലോ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്നശേഷം സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതോടെയാണ് തോർപ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്.