സെൽഫോണിൽ സ്വയം പൂട്ടിയിടരുത്, സംഭാഷണം കുടുംബത്തിൽ പ്രധാന ഘടകം: ഫ്രാൻസിസ് മാർപാപ്പ
Monday, December 30, 2024 11:11 PM IST
വത്തിക്കാൻ സിറ്റി: സെൽഫോണിൽ സ്വയം പൂട്ടിയിടരുതെന്നും സംഭാഷണം ഒരു കുടുംബത്തിൽ പ്രധാന ഘടകമാണെന്നും കത്തോലിക്കാവിശ്വാസികളെ ഓർമപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ.
തിരുക്കുടുംബത്തിന്റെ തിരുനാൾ ദിനമായ കഴിഞ്ഞ ഞായറാഴ്ച ത്രികാല പ്രാർഥനയ്ക്കുമുന്പ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഒത്തുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
“നമുക്ക് നസ്രത്തിലെ തിരുക്കുടുംബത്തെ ഒന്നു നോക്കാം. ആ കുടുംബം മാതൃകയാകുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്കറിയാമോ? കാരണം സംഭാഷണം നടത്തുന്ന, പരസ്പരം കേൾക്കുന്ന, സംസാരിക്കുന്ന ഒരു കുടുംബമാണത്. ഒരു കുടുംബത്തിൽ സംഭാഷണം പ്രധാന ഘടകമാണ്. ആശയവിനിമയം നടത്താത്ത ഒരു കുടുംബത്തിന് സന്തോഷകരമായ കുടുംബമാകാൻ കഴിയില്ല”- മാർപാപ്പ ഉദ്ബോധിപ്പിച്ചു.
“കുടുംബത്തിൽ സംഭാഷണത്തിനും ശ്രവണത്തിനുമുള്ള പ്രത്യേക സമയമാണു ഭക്ഷണസമയം. മേശയിലിരുന്ന് സംസാരിക്കുന്നതു നല്ലതാണ്. ഇതുവഴി നിരവധി പ്രശ്നങ്ങൾ പരിഹരിക്കാനാകും.
എല്ലാറ്റിനുമുപരിയായി, ഇത് തലമുറകളെ ഒന്നിപ്പിക്കുന്നു. കുട്ടികൾ മാതാപിതാക്കളോട് സംസാരിക്കുന്നു, പേരക്കുട്ടികൾ അവരുടെ മുത്തശിമാരോട് സംസാരിക്കുന്നു. ഒരിക്കലും സെൽഫോണിൽ നിങ്ങളെത്തന്നെ സ്വയം പൂട്ടിയിടരുത്. പരസ്പരം സംസാരിക്കുക, കേൾക്കുക”- മാർപാപ്പ പറഞ്ഞു.
ദക്ഷിണകൊറിയയിലുണ്ടായ വിമാനദുരന്തത്തിൽ മരിച്ച പ്രിയപ്പെട്ടവരെ ഓർത്തു കേഴുന്ന കുടുംബങ്ങളെ മാർപാപ്പ അനുസ്മരിക്കുകയും മരിച്ചവർക്കും രക്ഷപ്പെട്ടവർക്കും വേണ്ടി പ്രാർഥിക്കുകയും ചെയ്തു.
യുദ്ധങ്ങൾ മൂലം യാതനകൾ അനുഭവിക്കുന്ന യുക്രെയ്ൻ, പലസ്തീൻ, ഇസ്രയേൽ, മ്യാൻമർ, സുഡാൻ, കോംഗോ എന്നീ രാജ്യങ്ങളിലെ കുടുംബങ്ങൾക്കായി പ്രാർഥിക്കാനും മാർപാപ്പ എല്ലാവരോടും അഭ്യർഥിച്ചു.