യൂറോപ്യൻ യൂണിയൻ അധ്യക്ഷപദവി പോളണ്ടിന്; ചടങ്ങിലേക്ക് ഹംഗറിയെ ക്ഷണിച്ചില്ല
Saturday, January 4, 2025 1:25 AM IST
വാർസോ: യൂറോപ്യൻ യൂണിയന്റെ അധ്യക്ഷപദവി പോളണ്ട് ഏറ്റെടുത്ത ചടങ്ങിലേക്കു ഹംഗേറിയൻ പ്രതിനിധികളെ ക്ഷണിച്ചില്ല. അഴിമതിക്കേസിൽ അന്വേഷണം നേരിടുന്ന പോളണ്ടിലെ മുൻ നിയമ മന്ത്രി മാർസിൻ റൊമാനോവിസ്കിക്ക് ഹംഗറി രാഷ്ട്രീയാഭയം നൽകിയതിന്റെ പേരിലാണിത്.
ഇന്നലെ വാർസോയിൽ നടന്ന ചടങ്ങിലേക്ക് ഹംഗേറിയൻ പ്രധാനമന്ത്രി വിക്തർ ഓർബാനെയോ ഹംഗറിയുടെ അംബാസഡറെയോ ക്ഷണിച്ചിട്ടില്ലെന്ന് പോളിഷ് വൃത്തങ്ങൾ ഔദ്യോഗികമായി അറിയിച്ചു.
പൊതുഫണ്ട് ദുരുപയോഗം ചെയ്തുവെന്ന കേസിൽ റൊമാനോവിച്ച് ജൂലൈയിൽ അറസ്റ്റിലായെങ്കിലും ഉടൻ മോചിതനായി. കഴിഞ്ഞ മാസമാണ് അദ്ദേഹത്തിനു ഹംഗറി അഭയം അനുവദിച്ചത്.
റൊട്ടേഷൻ സന്പ്രദായത്തിൽ അംഗരാജ്യങ്ങൾക്ക് ആറു മാസം യൂറോപ്യൻ യൂണിയന്റെ അധ്യക്ഷപദവി ലഭിക്കും. ഹംഗറിയിൽനിന്നാണു പോളണ്ട് അധ്യക്ഷപദവി ഏറ്റെടുത്തത്.