യൂണിനെതിരേ വാറന്റ് ആവശ്യപ്പെട്ട് അന്വേഷണസംഘം
Monday, December 30, 2024 11:11 PM IST
സീയൂൾ: ദക്ഷിണകൊറിയയിൽ ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് യൂൺ സുക് യോളിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചു.
പോലീസും അഴിമതിവിരുദ്ധ ബ്യൂറോയും ഉൾപ്പെട്ട സംയുക്തഅന്വേഷണസംഘം ചോദ്യംചെയ്യാനായി യൂണിന് സമൻസ് അയച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായില്ല.
പ്രസിഡന്റിന്റെ ഓഫീസ് റെയ്ഡ് ചെയ്യാനുള്ള പോലീസിന്റെ ശ്രമവും പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് സീയൂളിലെ കോടതിയോട് വാറന്റ് പുറപ്പെടുവിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഡിസംബർ മൂന്നിന് പട്ടാളനിയമം പ്രഖ്യാപിച്ച യൂണിന്റെ നടപടി കലാപത്തിനു തുല്യമാണോ എന്നാണ് അന്വേഷിക്കുന്നത്. ക്രിമിനൽ വിചാരണയിൽനിന്നു പ്രസിഡന്റിനുള്ള സംരക്ഷണം കലാപക്കേസിനു ബാധകമല്ല.
പാർലമെന്റിൽ ഇംപീച്ച് ചെയ്യപ്പെട്ട യൂണിനെ പുറത്താക്കണമോ എന്നു തീരുമാനിക്കേണ്ടത് ഭരണഘടനാ കോടതിയാണ്. യൂണിനു പകരം ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ പ്രധാനമന്ത്രി ഹാൻ ഡക് സൂവിനെയും പാർലമെന്റിൽ ഭൂരിപക്ഷമുള്ള പ്രതിപക്ഷം ഇംപീച്ച് ചെയ്തിരുന്നു.