ഈ മാസം ആറാമത്തെ വിമാനാപകടം; മരിച്ചത് 236 പേർ
Monday, December 30, 2024 1:10 AM IST
ന്യൂയോർക്ക്: ലോക വ്യോമയാനമേഖലയുടെ ചരിത്രത്തിലെ കറുത്ത ഡിസംബറാണ് കടന്നുപോകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഈമാസമുണ്ടായത് ആറ് വിമാനാപകടങ്ങളാണ്. വിവിധ അപകടങ്ങളിലായി മരിച്ചത് 236 പേരും. ഇന്നലെയുണ്ടായ 179 പേർ കൊല്ലപ്പെട്ട ദക്ഷിണ കൊറിയയിലെ വിമാനാപകടമാണ് ഇതിൽ ഏറ്റവും വലുത്. വ്യോമയാന സുരക്ഷിതത്വത്തിൽ ആശങ്ക ഉയർത്തുന്നതാണ് ഈ അപകടപരന്പര.
25ന് അസർബൈജാനിൽനിന്ന് തെക്കൻ റഷ്യയിലേക്കു പുറപ്പെട്ട അസർബൈജാൻ എയർലൈൻസിന്റെ യാത്രാവിമാനം ദുരൂഹസാഹചര്യത്തിൽ കസാക്കിസ്ഥാനിലെ അക്താവുവിൽ തകർന്ന് 38 പേരാണു മരിച്ചത്. റഷ്യയുടെ മിസൈലേറ്റാണ് ഈ വിമാനം തകർന്നതെന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്.
22ന് ബ്രസീലിലെ ഗ്രമാദോ നഗരത്തിനു സമീപം സ്വകാര്യ വിമാനം തകർന്നുവീണ് പത്തുപേർ മരിച്ചു. പ്രമുഖ ബ്രസീലിയൻ വ്യവസായി ലൂയിസ് ഗ്ലൗഡിയോ ഗാലെസിയും ഭാര്യയും മൂന്നു പെൺമക്കളും അഞ്ച് ബന്ധുക്കളുമാണ് മരിച്ചത്. തകർന്ന് കെട്ടിടത്തിനു മുകളിലേക്ക് വിമാനം വീണുണ്ടായ അപകടത്തിൽ കെട്ടിടത്തിലുണ്ടായിരുന്ന 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇതേദിവസംതന്നെ പാപ്പുവ ന്യൂഗിനിയയിലെ മൊറോബോ പ്രവിശ്യയിൽ ഹെലികോപ്റ്റർ തകർന്നുവീണ് പോലീസ് ഓഫീസർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. രണ്ടു ദിവസത്തെ തെരച്ചിലിനൊടുവിലാണ് ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെടുക്കാനായത്.
18ന് അർജന്റീനയിലെ സാൻ ഫെർണാണ്ടോയിൽ ചെറുവിമാനത്തിനു തീപിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു. ലാൻഡിംഗിനിടെ മതിലിൽ ഇടിച്ച് തീപിടിക്കുകയായിരുന്നു. 17ന് ഹാവായ് ദ്വീപിലെ ഹൊണോലുലു അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം ചെറുവിമാനം തകർന്നുവീണ് രണ്ടു പൈലറ്റുമാർ കൊല്ലപ്പെട്ടു.
സാങ്കേതിക തകരാർ, മോശം കാലാവസ്ഥ, പക്ഷികൾ ഇടിക്കുന്നത് തുടങ്ങിയ കാരണങ്ങളാണ് അപകടങ്ങൾക്കു പിന്നിൽ. മോശം കാലാവസ്ഥയിൽ സുരക്ഷിതമായി ലാൻഡിംഗ് നടത്താനും പക്ഷികൾ ഇടിക്കുന്നത് തടയാനും ലാൻഡിംഗ് സമയത്തെ പ്രശ്നങ്ങൾ പരിഹരിക്കാനും കൂടുതൽ സാങ്കേതിക സംവിധാനങ്ങൾ ഉണ്ടാകേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഈ അപകടങ്ങൾ വിരൽ ചൂണ്ടുന്നത്.