ദക്ഷിണ കൊറിയ വിമാനാപകടം: വിദഗ്ധർ പരിശോധന നടത്തി
Wednesday, January 1, 2025 12:14 AM IST
സിയൂൾ: ദക്ഷിണ കൊറിയയിൽ 179 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടം നടന്ന സ്ഥലം യുഎസ് അന്വേഷണ വിദഗ്ധരും ബോയിംഗ് കന്പനി പ്രതിനിധികളും അടങ്ങിയ സംഘം സന്ദർശിച്ചു. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ, നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് എന്നീ വിഭാഗങ്ങളിൽനിന്നുളള എട്ട് അന്വേഷണ വിദഗ്ധർ സംഘത്തിലുണ്ട്.
181 യാത്രക്കാരെ വഹിച്ചിരുന്ന ജെജു എയറിന്റെ ബോയിംഗ് 737-800 വിമാനം ഞായറാഴ്ചയാണു തകർന്നുവീണത്. സർക്കാരിന്റെ നിർദേശപ്രകാരം, കൊറിയൻ അധികൃതർ രാജ്യത്തെ 101 ബോയിംഗ് 737-800 വിമാനങ്ങളിലും സുരക്ഷാപരിശോധനകൾ നടത്തിവരികയാണ്.
പ്രാഥമിക അന്വേഷണത്തിൽ, എൻജിൻ തകരാറും പക്ഷിയുമായി കൂട്ടിയിടിച്ചതും കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെട്ടുവെങ്കിലും ലാൻഡിംഗ് ഗിയറിന്റെ പ്രശ്നത്തിലേക്കാണു വിദഗ്ധർ വിരൽ ചൂണ്ടുന്നത്.
കന്പനി കൂടുതൽ മെയിന്റനൻസ് തൊഴിലാളികളെ വിന്യസിക്കുകയും മാർച്ച് വരെ വിമാനസർവീസുകൾ 10-15 ശതമാനം വരെ വെട്ടിക്കുറിച്ച് എയർക്രാഫ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കുമെന്നു ജെജു എയർ പ്രസിഡന്റ് കിം ഇ ബേയ് പറഞ്ഞു.
വിമാനത്തിന്റെ ഹൈട്രോളിക് സംവിധാനത്തിന്റെ തകരാറാവാം കാരണമെന്നു മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഏവിയേഷൻ വിദഗ്ധനായ ജോൺ ഹാൻസ്മാൻ പറഞ്ഞു.
ഫ്ലൈറ്റ് ഡേറ്റയും കോക്പിറ്റിലെ വോയ്സ് റിക്കാർഡുകളും കൂടുതൽ വിവരങ്ങൾ വെളിച്ചത്തു കൊണ്ടുവരുമെന്നു യൂണിവേഴ്സിറ്റി ഓഫ് സതേൺ കലിഫോർണിയയിലെ പ്രഫസറായ നജ്മദിൻ മേഷ്കാറ്റി പ്രതീക്ഷ പ്രകടിപ്പിച്ചു. ലാൻഡിംഗ് സുരക്ഷിതമാക്കുന്നതിനായി വിമാനത്താവളത്തിൽ സ്ഥാപിച്ചിരിക്കുന്ന ലോക്കലൈസറും അധികൃതർ പരിശോധിച്ചുവരികയാണ്.
പ്രസിഡന്റിനെതിരേ അറസ്റ്റ് വാറന്റ്
സോൾ: ദക്ഷിണ കൊറിയയിൽ പട്ടാളനിയമം ഏർപ്പെടുത്തിയതിന് ഇംപീച്ച്മെന്റ് നേരിടുന്ന പ്രസിഡന്റ് യൂൺ സുക് യോലിനെതിരേ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
അന്വേഷണ ഉദ്യോഗസ്ഥർക്ക് അദ്ദേഹത്തിന്റെ ഓഫീസും വസതിയും പരിശോധിക്കാനുള്ള വാറന്റും ഉണ്ട്. എന്നാൽ അദ്ദേഹത്തെ ഔദ്യോഗികമായി സ്ഥാനഭ്രഷ്ടനാക്കാതെ ഇത്തരം വാറന്റുകൾ കൊണ്ടു പ്രയോജനമില്ലെന്നാണു വിദഗ്ധരുടെ നിരീക്ഷണം.