പഹൽഗാം ഭീകരാക്രമണം : അന്വേഷണം ഏറ്റെടുത്ത് എൻഐഎ
സ്വന്തം ലേഖകൻ
Monday, April 28, 2025 4:36 AM IST
ന്യൂഡൽഹി: 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന്റെ അന്വേഷണച്ചുമതല ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഔദ്യോഗികമായി ഏറ്റെടുത്തു. ജമ്മു കാഷ്മീർ പോലീസായിരുന്നു ഇതുവരെ അന്വേഷണത്തിനു മേൽനോട്ടം വഹിച്ചത്. എന്നാൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശപ്രകാരം ദേശീയ ഏജൻസി ഔദ്യോഗികമായി അന്വേഷണം ഏറ്റെടുത്തതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എൻഐഎ ഇൻസ്പെക്ടർ ജനറലിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ, എസ്പി എന്നിവരും അന്വേഷണസംഘത്തിലുണ്ടാകും. ഭീകരാക്രമണത്തിലെ ദൃക്സാക്ഷികളെ എൻഐഎ ചോദ്യം ചെയ്തുവരികയാണ്.
ഇതോടൊപ്പം ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടവരിൽനിന്നും വിവരങ്ങൾ തേടുന്നുണ്ട്. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥർ രാജ്യവ്യാപകമായി സന്ദർശനം നടത്തിവരികയാണെന്ന് എൻഐഎ വ്യക്തമാക്കി.
മഹാരാഷ്ട്ര, ഒഡീഷ, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഇരകളുടെ കുടുംബാംഗങ്ങളിൽനിന്ന് ഇതിനോടകം അന്വേഷണസംഘം വിവരങ്ങൾ തേടിയിട്ടുണ്ട്. അഞ്ചു മുതൽ ഏഴുവരെ ഭീകരരാകാം ആക്രമണം നടത്തിയതെന്നാണ് എൻഐഎയുടെ പ്രാഥമിക നിഗമനം. പാക്കിസ്ഥാനിൽ പരിശീലനം നേടിയ രണ്ട് പ്രാദേശിക തീവ്രവാദികളുടെ വിവരം എൻഐഎയ്ക്ക് നേരത്തേതന്നെ ലഭിച്ചിരുന്നു.
ആക്രമണത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങളും സുരക്ഷാ ഏജൻസികൾ നേരത്തെ പുറത്തുവിട്ടിട്ടുണ്ട്. ആസിഫ് ഫൗജി, സുലൈമാൻ ഷാ, അബു തൽഹ എന്നിവരുടെ രേഖാചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഭീകരരെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നവർക്ക് ജമ്മുകാഷ്മീർ പോലീസ് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
എൻഐഎ സംഘം പ്രദേശത്ത് പരിശോധന നടത്തിവരികയാണ്. ഫോറൻസിക് സംഘം ഉൾപ്പെടെ തെളിവുശേഖരണത്തിന് സ്ഥലത്തെത്തിയിട്ടുണ്ട്.
മൂന്നു ഭീകരരുടെ വീടുകൾകൂടി തകർത്തു
ശ്രീനഗർ: ജമ്മു കാഷ്മീരിൽ ഇന്നലെ മൂന്നു ഭീകരുടെ വീടുകൾകൂടി അധികൃതർ തകർത്തു. ബന്ദിപ്പോറ, പുൽവാമ, ഷോപിയാൻ ജില്ലകളിലായി അദ്നാൻ ഷാഫി, അമീർ നസീർ, ജമീൽ അഹമ്മദ് ഷെർഗോജ്റി എന്നീ ഭീകരരുടെ വീടുകളാണു തകർത്തത്. ഇതോടെ മൂന്നു ദിവസത്തിനിടെ ഒന്പതു ഭീകരരുടെ വീടുകൾ തകർത്തു. വെള്ളിയാഴ്ച മൂന്നു ഭീകരരുടെയും ശനിയാഴ്ച രണ്ടു ഭീകരരുടെയും വീടുകൾ തകർത്തിരുന്നു.