വഖഫ് നിയമ ഭേദഗതി: നിർണായക നിർദേശങ്ങളുമായി സുപ്രീംകോടതി
Thursday, April 17, 2025 2:09 AM IST
സനു സിറിയക്
ന്യൂഡൽഹി: കോടതിവിധിയിലൂടെയോ ഉപയോഗത്തിലൂടെയോ രജിസ്ട്രേഷനിലൂടെയോ നിലവിൽ വഖഫായി മാറിയ സ്വത്തുക്കൾ അങ്ങനെതന്നെ തുടരണമെന്നു നിരീക്ഷിച്ച് സുപ്രീംകോടതി.
ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവിലേക്ക് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നീങ്ങിയെങ്കിലും കേന്ദ്രസർക്കാർ എതിർത്തതോടെ ഇന്നും വിഷയത്തിൽ വാദം കേൾക്കും. ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് വീണ്ടും വാദം കേൾക്കാനാണു കോടതി തീരുമാനിച്ചിരിക്കുന്നത്. വഖഫ് ഭേദഗതി നിയമത്തിനെതിരായ ഇടക്കാല ഉത്തരവ് ഇന്നത്തെ വാദത്തിനുശേഷം കോടതിയിൽനിന്ന് ഉണ്ടായേക്കും.
വഖഫ് കൗണ്‍സിലിൽ എക്സ് ഒഫിഷ്യോ അംഗങ്ങൾ ഒഴികെയുള്ളവർ മുസ്ലിം സമുദായത്തിൽനിന്നു തന്നെയാകണം, വഖഫ് സ്വത്ത് സർക്കാർ ഭൂമിയാണോയെന്നു ജില്ലാ കളക്ടർ അന്വേഷണം നടത്തുന്പോൾ വഖഫ് സ്വത്ത് വഖഫായി പരിഗണിക്കില്ല എന്ന നിയമത്തിലെ വ്യവസ്ഥ പ്രാബല്യത്തിൽ വരില്ല, നിലവിൽ വഖഫായി മാറിയ വസ്തുക്കൾ അങ്ങനെ തുടരണം തുടങ്ങിയ നിർദേശങ്ങളും കോടതി ഇന്നലെ വാദത്തിനിടയിൽ മുന്നോട്ടുവച്ചു. ഈ നിർദേശങ്ങൾതന്നെ ഇടക്കാല ഉത്തരവായി വരാനാണു സാധ്യത.
കേന്ദ്രസർക്കാർ അടുത്തിടെ പാസാക്കിയ വഖഫ് ഭേദഗതി നിയമത്തിനെതിരേ സമർപ്പിച്ച ഒരുകൂട്ടം ഹർജികളിൽ രണ്ടു മണിക്കൂർ നീണ്ട വാദമാണു സുപ്രീംകോടതിയിൽ നടന്നത്. തങ്ങളുടെ വാദങ്ങൾ മുന്നോട്ടുവയ്ക്കാൻ ഓരോ മണിക്കൂർ വീതം ഹർജിക്കാർക്കും കേന്ദ്രസർക്കാരിനും കോടതി നൽകി.
ഇന്നലെ വാദം കേൾക്കവേ നിയമത്തിലെ ചില ഭേദഗതികളിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു.നൂറ്റാണ്ടുകളായി ഉപയോഗത്തിലൂടെ വഖഫായി മാറിയ വസ്തുക്കൾ എങ്ങനെ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടുമെന്ന് ഡൽഹിയിലെ ജുമാ മസ്ജിദ് ഉദാഹരണമായി ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയാണ് ഈ ആശങ്ക ഉയർത്തിയത്.
ഒരു സ്വത്ത് സർക്കാർ സ്വത്താണോ എന്ന തർക്കത്തിൽ സർക്കാർ അംഗീകൃത ഉദ്യോഗസ്ഥൻ അന്വേഷണം പൂർത്തിയാക്കുന്നതുവരെ ആ വസ്തു വഖഫായി പരിഗണിക്കില്ലെന്നു പറയുന്ന വ്യവസ്ഥ ന്യായമാണോ, പുതിയ ഭേദഗതികൾക്കുശേഷം കേന്ദ്ര വഖഫ് കൗണ്‍സിലിലെയും സംസ്ഥാന വഖഫ് ബോർഡുകളിലെയും ഭൂരിപക്ഷം അംഗങ്ങളും മുസ്ലിംകളായിരിക്കുമോ തുടങ്ങിയ ആശങ്കകളും കോടതി ഇന്നലെ മുന്നോട്ടുവച്ചു.
ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് വഖഫ് ഭേദഗതി നിയമമെന്നു ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി. ഭേദഗതിയിലെ വ്യവസ്ഥകൾ ഭരണഘടനയുടെ ആർട്ടിക്കിൾ 26ന്റെ ലംഘനമാണ്. ഒരു വ്യക്തി തന്റെ വസ്തുക്കൾ വഖഫായി പ്രഖ്യാപിക്കുന്നതിന് കുറഞ്ഞത് അഞ്ചു വർഷം ഇസ്ലാം മതം പിന്തുടരണമെന്നുള്ള വ്യവസ്ഥ വ്യക്തിനിയമത്തെ ബന്ധിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ മതസ്വാതന്ത്ര്യം അനുവദിക്കുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 26നെ മതാചാരവുമായി കൂട്ടിക്കുഴയ്ക്കരുതെന്ന് വാദത്തിനിടയിൽ ചീഫ് ജസ്റ്റീസ് ഓർമിപ്പിച്ചു. വിശദചർച്ചകൾക്കുശേഷമാണ് നിയമം ഭേദഗതി ചെയ്തതെന്ന് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു. ഭേദഗതി ഒരിക്കലും വഖഫ് എന്ന മതപരമായ ആശയത്തെ ബാധിക്കുന്നില്ലെന്നും വഖഫ് ബോർഡുകൾക്കുവേണ്ടിയാണ് ഭേദഗതി കൊണ്ടുവന്നതെന്നും തുഷാർ മേത്ത ചൂണ്ടിക്കാട്ടി.
വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത് 70 ലധികം ഹർജികളാണ് സുപ്രീംകോടതിക്കു മുന്നിലുള്ളത്. ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ വഖഫായി പ്രഖ്യാപിക്കുന്ന വ്യവസ്ഥ ഒഴിവാക്കുക, കേന്ദ്ര വഖഫ് കൗണ്‍സിലിലും സംസ്ഥാന വഖഫ് ബോർഡിലും മുസ്ലിം ഇതര അംഗങ്ങളെ ഉൾപ്പെടുത്തുക, വസ്തുക്കൾ വഖഫായി പ്രഖ്യാപിക്കുന്നതിന് അഞ്ചു വർഷം ഇസ്ലാം മതം ആചരിക്കണം, വഖഫ് ട്രൈബ്യൂണൽ ഉത്തരവിനെതിരേ അപ്പീൽ നൽകുക, സർക്കാർ സ്വത്തിന്റെ കൈയേറ്റം സംബന്ധിച്ച തർക്കങ്ങൾക്ക് സർക്കാരിനെ അനുവദിക്കുക, ഷെഡ്യൂൾഡ് പ്രദേശങ്ങളിൽ വഖഫ് സൃഷ്ടിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ തുടങ്ങി നിയമത്തിലെ ഭേദഗതികളാണ് പ്രധാനമായും കോടതിക്കുമുന്നിൽ ചോദ്യം ചെയ്യപ്പെടുന്നത്.