ചരടുവലിച്ച് ഇഡി; രാഹുലിനും സോണിയയ്ക്കുമെതിരേ കുറ്റപത്രം
Wednesday, April 16, 2025 3:36 AM IST
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോണ്ഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കുമെതിരേ എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമർപ്പിച്ചു.
ഡൽഹി റോസ് അവന്യു കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഇന്ത്യൻ ഓവർസീസ് കോണ്ഗ്രസ് മേധാവി സാം പിത്രോഡ, സുമൻ ദുബെ തുടങ്ങിയവരുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ മാസം 25ന് കോടതി കേസ് പരിഗണിക്കും.
നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇഡി നേരത്തേ ചോദ്യംചെയ്തിരുന്നു.
കഴിഞ്ഞ ശനിയാഴ്ച നാഷണൽ ഹെറാൾഡിന്റെ 661 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളും ഇഡി ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
കേന്ദ്രസർക്കാരിന്റെ പ്രതികാര രാഷ്ട്രീയമെന്നാണ് വിഷയത്തോടു കോണ്ഗ്രസ് പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്തുന്നതിന് കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നതായും കോണ്ഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പ്രതികരിച്ചു.
കോണ്ഗ്രസ് നിയന്ത്രണത്തിലുള്ള അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിന്റെ (എജെഎൽ) 2000 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ 50 ലക്ഷം രൂപയ്ക്ക് രാഹുലിനും സോണിയയ്ക്കും ഓഹരിയുള്ള യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് തട്ടിയെടുത്തു എന്നായിരുന്നു ആരോപണം.
ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയാണ് നാഷണൽ ഹെറാൾഡ് ഇടപാടിൽ 2012ൽ പരാതിയുമായി രംഗത്തെത്തിയത്. എജെഎൽ കന്പനിയെ ഗാന്ധി കുടുംബം തെറ്റായ മാർഗത്തിലൂടെ തട്ടിയെടുത്തുവെന്നായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ പരാതി.
1938ൽ ജവഹർലാൽ നെഹ്റു പാർട്ടിയുടെ മുഖപത്രമായി ആരംഭിച്ച "നാഷണൽ ഹെറാൾഡ്’2008 ഏപ്രിലിലാണ് അച്ചടി നിർത്തിയത്. പത്രം പൂട്ടിയതിനുപിന്നാലെ കന്പനിയിലെ ഇരുനൂറോളം ജീവനക്കാർക്ക് സ്വയം വിരമിക്കൽ ആനുകൂല്യം നൽകി. ജീവനക്കാരെ സംതൃപ്തിയോടെ പിരിച്ചുവിടണമെന്ന സോണിയ ഗാന്ധിയുടെ നിർദേശത്തെത്തുടർന്ന് 50 കോടിയിലധികം രൂപയുടെ വിരമിക്കൽ ആനുകൂല്യമാണ് മാനേജ്മെന്റ് അന്നു നൽകിയത്.
ഇതോടൊപ്പം നാഷണൽ ഹെറാൾഡിന്റെ ബാധ്യത തീർക്കാനായി 2011ൽ ഐഎസിസി 90 കോടി രൂപ പലിശരഹിത വായ്പയായി അനുവദിച്ചതായി പരാതിക്കാരൻ സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചു. രാഷ്ട്രീയപാർട്ടികൾ പലിശരഹിത വായ്പ നൽകുന്നത് ഇന്ത്യയിൽ നിയമ വിരുദ്ധമാണെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. ഈ വിഷയങ്ങളെല്ലാം മുൻനിർത്തി 2021 ലാണ് ഇഡി ഔദ്യോഗിക അന്വേഷണം ആരംഭിച്ചത്.
റോബർട്ട് വദ്രയെ ചോദ്യംചെയ്തു

ന്യൂഡൽഹി: ഭൂമി ഇടപാട് കേസിൽ പ്രിയങ്ക ഗാന്ധി എംപിയുടെ ഭർത്താവും ബിസിനസുകാരനുമായ റോബർട്ട് വദ്രയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു.
2008ൽ ഹരിയാനയിലെ ഗുരുഗ്രാമിൽ നടന്ന ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ആറു മണിക്കൂറിലേറെയാണ് ഇഡി റോബർട്ടിനെ ചോദ്യം ചെയ്തത്. ഇന്നലെ രാവിലെ 11ന് തുടങ്ങിയ ചോദ്യംചെയ്യൽ വൈകുന്നേരം ആറുവരെ നീണ്ടു. ചോദ്യം ചെയ്യലിന് ഇന്നും ഹാജരാകാൻ ഇഡി റോബർട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിൽ റോബർട്ടിനോട് കഴിഞ്ഞ എട്ടിനു ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും അന്നു ഹാജരാകാൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി അദ്ദേഹം മറ്റൊരു തീയതി തേടുകയായിരുന്നു. ഇതിനു പിന്നാലെയാണ് ചോദ്യംചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി രണ്ടാമതും സമൻസ് അയച്ചത്. സുഹൃത്തുക്കൾക്കൊപ്പം സ്വവസതിയിൽനിന്ന് രണ്ടു കിലോമീറ്റർ നടന്നാണ് റോബർട്ട് വദ്ര ഇഡി ആസ്ഥാനത്തെത്തിയത്.
സമൻസ് അയച്ചതിനെ "രാഷ്ട്രീയ പകപോക്കൽ’എന്നാണ് റോബർട്ട് വിശേഷിപ്പിച്ചത്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെപ്പറ്റി സംസാരിക്കുന്പോഴെല്ലാം തന്നെ നിശബ്ദമാക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകിയെന്നും ഒളിക്കാനൊന്നുമില്ലെന്നും ചോദ്യംചെയ്യലിനുശേഷം അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
റോബർട്ട് വദ്ര മുന്പ് ഡയറക്ടറായിരുന്ന സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന കന്പനി ഗുരുഗ്രാമിലെ ശികോപുർ ഗ്രാമത്തിൽ 2008 ഫെബ്രുവരിയിൽ നടത്തിയ ഭൂമി ഇടപാടാണ് കേസിനാധാരം. ഓൻകരേശ്വർ പ്രോപ്പർട്ടീസ് എന്ന കന്പനിയിൽനിന്ന് 7.5 കോടി രൂപയ്ക്ക് 3.5 ഏക്കർ ഭൂമി വാങ്ങിയെങ്കിലും ഓൻകരേശ്വർ പ്രോപ്പർട്ടീസ് ചെക്ക് പണമാക്കി മാറ്റാതെ സ്കൈലൈറ്റുമായി മറ്റൊരു കരാറിലെത്തിയെന്നാണ് ആരോപണം.
അന്നത്തെ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ സർക്കാരിന്റെ സ്വാധീനത്താൽ ഓൻകരേശ്വർ പ്രോപ്പർട്ടീസിന് ഹൗസിംഗ് ലൈസൻസ് ലഭിച്ചുവെന്നാണ് അന്വേഷണ ഏജൻസികൾ ആരോപിക്കുന്നത്.
ഈ ഭൂമി 2012ൽ റിയൽ എസ്റ്റേറ്റ് വന്പന്മാരായ ഡിഎൽഎഫിന് 58 കോടി രൂപയ്ക്ക് റോബർട്ടിന്റെ കന്പനി വിറ്റു. ഈ ഭൂമി ഇടപാടിലെ ക്രമക്കേടുകളിൽ 2018ലാണ് ഹരിയാന പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിന്റെ തുടർച്ചയാണ് കേസിലെ ഇഡി അന്വേഷണം.