മുർഷിദാബാദ് കലാപം: ജനജീവിതം സാധാരണനിലയിൽ
Wednesday, April 16, 2025 3:09 AM IST
കോൽക്കത്ത: വഖഫ് ഭേദഗതി നിയമത്തിനെതിരേ നടന്ന പ്രക്ഷോഭത്തെത്തുടർന്ന് കലാപം പൊട്ടിപ്പുറപ്പെട്ട ബംഗാളിലെ മുർഷിദാബാദ് സാധാരണനിലയിലേക്ക്.
കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ പുതിയ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നു പോലീസ് പറഞ്ഞു. ജംഗിപൂർ, ധുലിയാൻ, സുതി, ഷംഷേർഗഞ്ച് എന്നിവിടങ്ങളിൽ ബിഎസ്എഫ്, സിആർപിഎഫ്, സംസ്ഥാന സായുധ പോലീസ്, ആർഎഎഫ് എന്നിവയെ വിന്യസിച്ചിട്ടുണ്ട്.
കടകൾ വീണ്ടും തുറക്കുകയും പലായനം ചെയ്തവർ തിരിച്ചെത്താൻ തുടങ്ങുകയും ചെയ്തതായി സംസ്ഥാന പോലീസ് പറഞ്ഞു.
“വീടുകൾ വിട്ടുപോയവരിൽ പലരും തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. അക്രമബാധിത പ്രദേശങ്ങളിലെല്ലാം ജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്”-ജംഗിപുരിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് എംപി ഖലീലുർ റഹ്മാൻ പറഞ്ഞു.
വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെത്തുടർന്നാണ് മുർഷിദാബാദിൽ കാലാപം പൊട്ടിപ്പുറപ്പെട്ടത്. അക്രമസംഭവങ്ങളിൽ മൂന്നു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 210 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അറസ്റ്റിലായവരിൽ, കലാപത്തിനിടെ അച്ഛനെയും മകനെയും കൊലപ്പെടുത്തിയ കേസിലെ രണ്ട് സഹോദരന്മാരും ഉൾപ്പെടുന്നു.
കാലു നാടാർ, ദിൽദാർ നാടാർ എന്നിവരാണ് അറസ്റ്റിലായത്. ജാഫ്രാബാദ് പ്രദേശത്തെ താമസക്കാരാണ് ഇരുവരുമെന്നും പോലീസ് പറഞ്ഞു.