സൗദി ഹജ്ജ് പോർട്ടൽ വീണ്ടും തുറന്നു: കേന്ദ്രം
Wednesday, April 16, 2025 1:54 AM IST
ന്യൂഡൽഹി: സൗദി ഹജ്ജ് പോർട്ടൽ വീണ്ടും തുറന്നതായി കേന്ദ്രസർക്കാർ. സംയോജിത ഹജ്ജ് ഗ്രൂപ്പ് ഓപ്പറേറ്റർമാർക്കായി ഹജ്ജ് പോർട്ടൽ തുറക്കാൻ സൗദി ഹജ്ജ് മന്ത്രാലയം സമ്മതമറിയിച്ചതായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം അറിയിച്ചു.
സൗദി നഗരമായ മിനായിൽ പുതിയ തീർഥാടകർക്കായുള്ള ലഭ്യത കൈവന്നതോടെ 10,000 ഇന്ത്യൻ തീർഥാടകരെക്കൂടി ഉൾക്കൊള്ളിക്കാൻ സംയോജിത ഹജ്ജ് ഗ്രൂപ്പ് ഓപ്പറേറ്റർമാർക്ക് കഴിയും. കാലതാമസമില്ലാതെ പുതിയ തീർഥാടകരെക്കൂടി ഉൾക്കൊള്ളിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ഹജ്ജ് ഓപ്പറേറ്റർമാരോട് കേന്ദ്രം നിർദേശിച്ചു.
സൗദി ആദ്യം നൽകിയ സമയപരിധിയിൽ തീർഥാടകരെ ഉൾക്കൊള്ളിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സാധിക്കാത്ത 26 സംയോജിത ഹജ്ജ് ഗ്രൂപ്പ് ഓപ്പറേറ്റർമാർക്കാണു നിലവിലെ ക്വാട്ട അനുവദിച്ചുനൽകിയിരിക്കുന്നത്.
ഹജ്ജിലെ സ്വകാര്യ ടൂർ ഓപ്പറേറ്റർമാർക്ക് അനുവദിച്ചിരുന്ന മിനായിലെ സോണുകൾ സൗദി സർക്കാർ റദ്ദാക്കിയെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് പുതിയ ക്വാട്ട അനുവദിച്ചുനൽകിയുള്ള സൗദി സർക്കാരിന്റെ തീരുമാനം.
ഇന്ത്യക്ക് അനുവദിച്ചിരിക്കുന്ന ഹജ്ജ് ക്വാട്ടകളിൽ 70 ശതമാനവും ഇന്ത്യയിലെ ഹജ്ജ് കമ്മിറ്റി നിയന്ത്രിക്കുന്പോൾ ബാക്കിയുള്ള 30 ശതമാനം സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് സംഘാടകർക്കാണ് അനുവദിച്ചിരിക്കുന്നത്. സൗദി സർക്കാരിന്റെ റദ്ദാക്കൽ തീരുമാനത്തെത്തുടർന്ന് രാജ്യത്തെ 52,000 ഹജ്ജ് തീർഥാടകരുടെ പുണ്യയാത്ര പ്രതിസന്ധിയിലായിരുന്നു.