മെഹുൽ ചോക്സി ബെൽജിയത്തിൽ അറസ്റ്റിലായി
Wednesday, April 16, 2025 3:09 AM IST
ന്യൂഡൽഹി: ഒളിവിലായിരുന്ന ഇന്ത്യൻ വജ്രവ്യാപാരി മെഹുൽ ചോക്സി ബെൽജിയത്തിൽ അറസ്റ്റിലായി. പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ സിബിഐയുടെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും അഭ്യർഥന പ്രകാരമാണ് നടപടി.
2018നും 2021നും ഇടയിൽ മുംബൈയിലെ പ്രത്യേക കോടതി പുറപ്പെടുവിച്ച രണ്ട് ജാമ്യമില്ലാ അറസ്റ്റ് വാറന്റുകൾ ഇന്ത്യൻ ഏജൻസികൾ ബെൽജിയം അധികൃതരുമായി പങ്കുവച്ചിട്ടുണ്ടെന്നാണ് വിവരം.
ചോക്സിയെ തിരിച്ചെത്തിക്കാൻ സിബിഐ, ഇഡി സംഘങ്ങൾ ബെൽജിയത്തിലേക്കു പോകും.
2023ൽ ചോക്സി ബെൽജിയത്തിൽ താമസം ആരംഭിച്ചുവെന്നാണു കരുതപ്പെടുന്നത്. അനന്തരവനായ നീരവ് മോദിയുമായി ചേർന്ന് വായ്പാ തട്ടിപ്പ് നടത്തിയെന്നാണു കേസ്. നീരവ് ഇപ്പോൾ ലണ്ടനിലെ ജയിലിൽ കഴിയുകയാണ്.
എന്നാൽ, അനാരോഗ്യം ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ നൽകാനാണു ചോക്സിയുടെ നീക്കമെന്നും വിവരമുണ്ട്.