അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവിന് സുപ്രീംകോടതി സ്റ്റേ
Thursday, March 27, 2025 2:49 AM IST
ന്യൂഡൽഹി: സ്ത്രീകളുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും പീഡനക്കുറ്റമോ അതിനുള്ള ശ്രമമോ ആകുന്നില്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ.
ഹൈക്കോടതി ജഡ്ജിയുടെ ഭാഗത്തുനിന്നുള്ള സംവേദനക്ഷമതയില്ലായ്മയാണ് ഉത്തരവിൽ പ്രകടമാകുന്നതെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് വിവാദ ഉത്തരവ് സ്റ്റേ ചെയ്തത്.
നേരത്തെ "വീ ദ വിമൻ ഓഫ് ഇന്ത്യ’ എന്ന സംഘടന ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കാൻ സുപ്രീംകോടതിയിലെതന്നെ ജഡ്ജിമാരായ ബേല എം. ത്രിവേദി, പി.ബി. വരാലെ എന്നിവരുടെ ബെഞ്ച് വിസമ്മതിച്ചിരുന്നു. ഇതിനു പിന്നാലെ വിവാദ ഉത്തരവിനെതിരേ സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
വാദം കേട്ടു നാല് മാസത്തിനു ശേഷമാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിലെ 21, 24, 26 എന്നീ ഖണ്ഡികകൾ നിയമത്തിന് തുരങ്കം വയ്ക്കുന്നതും മനുഷ്യത്വരഹിതവുമാണ്. ഹൈക്കോടതി ജഡ്ജിയുടെ ഭാഗത്തുനിന്ന് തികഞ്ഞ അശ്രദ്ധയാണ് സംഭവിച്ചിരിക്കുന്നത്.
സമൻസ് അയയ്ക്കുന്ന ഘട്ടത്തിലേക്കുവരെ വിഷയം എത്തിച്ചുവെന്നും വാദത്തിനിടയിൽ ജസ്റ്റീസ് ഗവായ് പറഞ്ഞു. സോളിസിറ്റർ ജനറൽ തുഷാർ മേത്തയും സുപ്രീംകോടതിയുടെ അഭിപ്രായത്തോട് യോജിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റീസ് വിഷയത്തിൽ ചില നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തുടർന്ന് വിഷയത്തിൽ കേന്ദ്രസർക്കാരിൽനിന്നും ഉത്തർപ്രദേശ് സർക്കാരിൽനിന്നും പ്രതികരണം തേടിയ കോടതി വിഷയത്തിൽ അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി, സോളിസിറ്റർ ജനറൽ തുഷാർ മേത്ത എന്നിവരുടെ സഹായം തേടുകയും ചെയ്തു.
ഹൈക്കോടതി ഉത്തരവിനെതിരേ ഇരയായ കുട്ടിയുടെ അമ്മ നൽകിയ അപ്പീൽ സുപ്രീംകോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിനൊപ്പം പരിഗണിക്കും. ബന്ധുവീട്ടിലേക്ക് പോകുകയായിരുന്ന അമ്മയെയും 14 വയസുള്ള മകളെയും വഴിയിൽ വച്ച് ആക്രമിച്ചതിനെതിരേ സമർപ്പിച്ച പരാതിയിലായിരുന്നു പ്രതികൾക്ക് അനുകൂലമായി ജസ്റ്റീസ് റാം മനോഹർ നാരായണ് മിശ്ര വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.