എംപിമാരുടെ ശന്പളം 24% വർധിപ്പിച്ചു
Tuesday, March 25, 2025 3:11 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: പാർലമെന്റ് അംഗങ്ങളുടെ പ്രതിമാസ ശന്പളം ഒരു ലക്ഷത്തിൽനിന്ന് 1.24 ലക്ഷം രൂപയായി ഉയർത്തി. 2023 ഏപ്രിൽ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് എംപിമാരുടെ ശന്പളവും അലവൻസുകളും പെൻഷനുകളും വർധിപ്പിച്ചത്.
എംപിമാരുടെ പെൻഷൻ തുക 25,000ത്തിൽനിന്ന് 31,000 രൂപയായും ദിനബത്ത 2,000ത്തിൽനിന്ന് 2,500 രൂപയായും കൂട്ടി. അഞ്ചു വർഷത്തിൽ കൂടുതലുള്ള ഓരോ വർഷത്തിനും അധിക പെൻഷൻ 2,000 ത്തിൽനിന്ന് 2,500 രൂപയായും വർധിപ്പിച്ച് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രാലയം ഇന്നലെ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി.
2018 ഏപ്രിലിൽ മോദിസർക്കാർ ലോക്സഭ, രാജ്യസഭാ എംപിമാരുടെ ശന്പളം ഒറ്റയടിക്ക് 100 ശതമാനം വർധിപ്പിച്ചിരുന്നു. അന്ന് 50,000 രൂപയായിരുന്ന ശന്പളം ഒരു ലക്ഷം രൂപയായാണു വർധന. ഇപ്പോൾ വീണ്ടും 24 ശതമാനമാണു ശന്പളം കൂട്ടിയത്.
പ്രതിമാസ പെൻഷൻ 20,000ത്തിൽനിന്ന് 25,000 രൂപയായും 2018ൽ വർധിപ്പിച്ചിരുന്നു. എല്ലാ അഞ്ചു വർഷം കൂടുന്പോഴും എംപിമാരുടെ ശന്പളം വർധിപ്പിക്കുമെന്ന് അന്നത്തെ ധനമന്ത്രി അരുണ് ജെയ്റ്റ്ലി പ്രഖ്യാപിച്ചിരുന്നു.
എംപിമാരുടെ ശന്പളം, അലവൻസുകൾ, പെൻഷനുകൾ എന്നിവ അവർ സ്വയം തീരുമാനിക്കുന്ന 1954ലെ നിയമത്തിൽ ഇതിനായി ഭേദഗതി വരുത്തി. പണപ്പെരുപ്പനിരക്കും ജീവിതച്ചെലവും കണക്കാക്കിയാണ് വർധനയെന്നാണു വിശദീകരണം.
2018ലെ ശന്പളപരിഷ്കരണത്തിലൂടെ എംപിമാർക്കു സ്വന്തം ജില്ലകളിലെ പരിപാടികളിൽ പങ്കെടുക്കുന്നതിനും മറ്റുമായി മണ്ഡലം അലവൻസായി പ്രതിമാസം 70,000 രൂപയും ഓഫീസുകളുടെ ചെലവിനും മറ്റുമായി മാസംതോറും 60,000 രൂപയും പ്രത്യേക അലവൻസ് ലഭിക്കുന്നുണ്ട്.
പാർലമെന്റ് സമ്മേളനദിവസങ്ങളിൽ രജിസ്റ്ററിൽ ഒപ്പുവച്ചാൽ എംപിമാർക്ക് ഓരോ ദിവസവും 2,500 രൂപ വീതം ലഭിക്കും. ശന്പളത്തിനു പുറമെ ഫോണ്, ഇന്റർനെറ്റ് ഉപയോഗത്തിനായി പ്രത്യേകം അലവൻസും ലഭിക്കുന്നുണ്ട്.
ഇതിനുപുറമേ, ഡൽഹിയിൽ വിശാലമായ ഔദ്യോഗിക വസതിയിൽ എംപിമാർക്ക് സൗജന്യമായി താമസിക്കാം. മന്ത്രിമാർക്കു പുറമെ സീനിയോറിറ്റി അടിസ്ഥാനമാക്കി മുതിർന്ന എംപിമാർക്ക് ബംഗ്ലാവുകളും അല്ലാത്തവർക്ക് നാല് ബെഡ്റൂം വരെയുള്ള വിശാല ഫ്ലാറ്റുകളുമാണ് താമസത്തിനായി ലഭിക്കുക. സർക്കാർ വക വീട്ടിൽ താമസിക്കാത്തവർക്ക് വീട്ടുവാടക അലവൻസായി പ്രതിമാസം രണ്ടു ലക്ഷം രൂപ വരെ അവകാശപ്പെടാം.
എംപിമാർക്കും കുടുംബങ്ങൾക്കും രാജ്യത്തെവിടെയും വിമാനയാത്രയ്ക്കായി പ്രതിവർഷം 34 സൗജന്യ ബിസിനസ് ക്ലാസ് ടിക്കറ്റുകൾ നൽകും. പാർലമെന്റ് സമ്മേളനത്തിലും വിവിധ പാർലമെന്ററി സമിതി യോഗങ്ങളിലും പങ്കെടുക്കാനായി പോകാൻ വേറെ വിമാന ടിക്കറ്റുകളും സൗജന്യമായി ലഭിക്കും.
രാജ്യത്തെവിടെയും ട്രെയിനുകളിൽ ഫസ്റ്റ് ക്ലാസിൽ സൗജന്യയാത്രയും എംപിമാർക്ക് അനുവദിച്ചിട്ടുണ്ട്. റോഡുകളിലെ യാത്രയ്ക്ക് ഓരോ കിലോമീറ്ററിനും മൈലേജ് അലവൻസും അവകാശപ്പെടാം.
കേന്ദ്ര ആരോഗ്യപദ്ധതി (സിജിഎച്ച്എസ്) പ്രകാരം എംപിമാർക്കും അടുത്ത കുടുംബാംഗങ്ങൾക്കും സൗജന്യ ചികിത്സയും ലഭിക്കും. സ്വകാര്യ, സർക്കാർ ആശുപത്രികളിലെ ചികിത്സച്ചെലവുകളും സർക്കാർ വഹിക്കും.
എംപിമാർക്ക് പ്രതിവർഷം 50,000 യൂണിറ്റ് സൗജന്യ വൈദ്യുതിയുടെയും 4,000 കിലോ ലിറ്റർ വെള്ളത്തിന്റെയും ആനുകൂല്യങ്ങളും ലഭിക്കുന്നു.
കർണാടകയിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എംഎൽഎമാർക്കും 100 ശതമാനം വേതനവർധന നടപ്പാക്കിയതിന് തൊട്ടുപിന്നാലെയാണ് മുഴുവൻ എംപിമാരുടെയും ശന്പളവും ആനുകൂല്യങ്ങളും പെൻഷനും കേന്ദ്രസർക്കാർ കൂട്ടിയത്.