എഎപിയിൽ അഴിച്ചുപണി
Saturday, March 22, 2025 1:38 AM IST
ന്യൂഡൽഹി: പാർട്ടിയിൽ അഴിച്ചുപണി നടത്തി ആം ആദ്മി പാർട്ടി. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവി നേരിട്ട സൗരഭ് ഭരദ്വാജിനും മനീഷ് സിസോദിയയ്ക്കും പുതിയ ചുമതലകൾ നൽകിയാണ് എഎപി തിരിച്ചുവരവിനൊരുങ്ങുന്നത്.
മുൻ മന്ത്രി സൗരഭ് ഭരദ്വാജിനെ ഡൽഹി സംസ്ഥാന അധ്യക്ഷനാക്കി നിയമിച്ചപ്പോൾ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കു പഞ്ചാബിന്റെ ചുമതലയും നൽകി.
മുൻ പരിസ്ഥിതി മന്ത്രി ഗോപാൽ റായിക്കു പകരക്കാരനായാണ് ഡൽഹിയുടെ ചുമതല സൗരഭ് ഭരദ്വാജ് ഏറ്റെടുക്കുന്നത്. ഗോപാൽ റായിക്ക് ഇതിനു പകരം പാർട്ടിയുടെ ഗുജറാത്തിന്റെ ചുമതല നൽകി.
പങ്കജ് ഗുപ്തയ്ക്ക് ഗോവയുടെയും സന്ദീപ് പതക്കിന് ഛത്തീസ്ഗഡിന്റെയും മെഹ്റാജ് മാലിക്കിന് ജമ്മു കാഷ്മീരിന്റെയും ചുമതല നൽകിയിട്ടുണ്ട്.