ഭരണഘടനയിൽ വിശ്വസിക്കുക; സമാധാനവും അഭിവൃദ്ധിയും വരും: ജസ്റ്റീസ് ബി.എസ്. ഗവായ്
Sunday, March 23, 2025 2:42 AM IST
ന്യൂഡൽഹി: മണിപ്പുർ ജനതയ്ക്ക് ആശ്വാസവും പ്രതീക്ഷയുമേകി ദേശീയ നിയമസഹായ അഥോറിറ്റി എക്സിക്യുട്ടീവ് ചെയർമാൻകൂടിയായ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് ബി.ആർ. ഗവായ്. ചുരാചന്ദ്പുരിലെ കുക്കികളുടെ ദുരിതാശ്വാസ ക്യാന്പിലെത്തിയ അദ്ദേഹം ദുരിതബാധിതരോട് സംസാരിക്കുകയായിരുന്നു.
ദയവായി ഭരണഘടനയിൽ വിശ്വസിക്കുക. ഒരു ദിവസം സ്ഥിതി സാധാരണ നിലയിലാകുകയും മണിപ്പുർ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യും. ഭരണത്തിൽ ദയയും നീതിയും നിറഞ്ഞ പ്രവൃത്തികൾ ഉണ്ടാകട്ടെ. നമ്മുടെ രാജ്യം വൈവിധ്യമുള്ളതാണ്.
നാനാത്വത്തിലെ ഏകത്വത്തിന്റെ യഥാർഥ ഉദാഹരണമാണ് മണിപ്പുർ. നമുക്കെല്ലാവർക്കും ഇന്ത്യ നമ്മുടെ വീടാണ്. ആളുകൾ എവിടെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുവോ അവിടെ രാജ്യം മുഴുവൻ അവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനെത്തും-ജസ്റ്റീസ് ഗവായ് പറഞ്ഞു.
നമ്മുടെ ഭരണഘടന ഒരു മികച്ച രേഖയാണ്. അയൽരാജ്യങ്ങളുമായി താരതമ്യം ചെയ്യുന്പോൾ നമ്മുടെ ഭരണഘടന രാജ്യത്തെ ഒരുമിച്ചും ഐക്യത്തോടെയും ശക്തവുമായി നിലനിർത്തിയിട്ടുണ്ടെന്ന് മനസിലാകും.
ദുഷ്കരമായൊരു ഘട്ടത്തിലൂടെ നിങ്ങൾ കടന്നുപോകുന്നുണ്ടെന്ന് ഞങ്ങൾക്കറിയാമെന്നും എല്ലാവരുടെയും (എക്സിക്യൂട്ടീവ്, നിയമനിർമാണ സഭ, നീതിന്യായ സംവിധാനം) സഹായത്തോടെ ഇതു പരിഹരിക്കാനും ചുരുങ്ങിയ സമയത്തിനുള്ളിൽ മറികടക്കാനും കഴിയുമെന്നും ജസ്റ്റീസ് ഗവായ് പറഞ്ഞു.
ദുരിതാശ്വാസ ക്യാന്പുകളിലെ ആളുകൾക്ക് നിയമസഹായം നൽകുകയും ജില്ലകളിലെ നിയമസേവനങ്ങളുടെ സഹായത്തോടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയും ചെയ്യും. ഈ നാട്ടിൽ സമാധാനം നിലനിൽക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്.
സമാധാനം എത്രയും വേഗം തിരിച്ചുവരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, അതിനാൽ സമാധാനവും നീതിയും കൊണ്ടുവരാൻ നമുക്കെല്ലാവർക്കും ഒരുമിച്ചു പ്രവർത്തിക്കാമെന്നും മറ്റ് ഉന്നത ജഡ്ജിമാരെ സാക്ഷിനിർത്തി ജസ്റ്റീസ് ഗവായ് പറഞ്ഞു.