പൊതുകരാറിൽ 4% മുസ്ലിം സംവരണം; കർണാടക നിയമസഭ ബിൽ പാസാക്കി
Saturday, March 22, 2025 1:38 AM IST
ബംഗളൂരു: പൊതുകരാറുകളിൽ മുസ്ലിംകൾക്ക് നാലു ശതമാനം സംവരണം നല്കാനുള്ള ബിൽ കർണാടക നിയമസഭ പാസാക്കി.
ബിജെപി അംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തിനിടെയായിരുന്നു ബിൽ പാസാക്കിയത്. ബിജെപി അംഗങ്ങൾ സ്പീക്കറുടെ ഡയസിലേക്ക് കയറി. സ്പീക്കർക്കു നേർക്ക് പേപ്പർ എറിഞ്ഞു. സ്പീക്കറെ വളയാൻ ശ്രമിച്ച എംഎൽഎമാരെ മാർഷൽമാർ പുറത്താക്കി.
നിയമമന്ത്രി എച്ച്.കെ. പാട്ടീൽ ആണ് കർണാടക ട്രാൻസ്പേരൻസി ഇൻ പബ്ലിക് പ്രൊക്യുർമെന്റ്സ്(അമൻഡ്മെന്റ്) ബിൽ 2025 അവതരിപ്പിച്ചത്. ബിൽ ഭരണഘടനാവിരുദ്ധമാണെന്ന് പ്രതിപക്ഷനേതാവ് ആർ. അശോക ആരോപിച്ചു.
കഴിഞ്ഞയാഴ്ച മന്ത്രിസഭ ബില്ലിന് അംഗീകാരം നല്കിയിരുന്നു. സർക്കാരിന്റെ രണ്ടു കോടി രൂപ വരെയുള്ള സിവിൽ വർക്കുകളിലും ഒരു കോടി രൂപ വരെയുള്ള ചരക്ക്/സേവന കരാറുകളിലും നാലു ശതമാനം മുസ്ലിംകൾക്ക് സംവരണം ചെയ്യും. മാർച്ച് ഏഴിന് അവതരിപ്പിച്ച ബജറ്റിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.