ജസ്റ്റീസ് യശ്വന്ത് വർമ ബാങ്ക് തട്ടിപ്പുകേസിൽ സിബിഐയുടെ പ്രതിപ്പട്ടികയിലുള്ളയാൾ
Sunday, March 23, 2025 2:42 AM IST
ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽനിന്നു കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയെന്ന ആരോപണനിഴലിലുള്ള ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ ബാങ്ക് തിരിമറി കേസുമായി ബന്ധപ്പെട്ട് സിബിഐയുടെ 2018ലെ എഫ്ഐആറിൽ പ്രതി.
ജസ്റ്റീസ് യശ്വന്ത് വർമയ്ക്കെതിരേ പുതിയ ആരോപണങ്ങളും വിമർശനങ്ങളും ഉയർന്നുവരുന്നതിനിടയിലാണ് ഏഴു വർഷം മുന്‍പുള്ള എഫ്ഐആറിലെ പ്രതിപ്പട്ടികയിൽ അദ്ദേഹത്തിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം പുറത്തുവരുന്നത്.
ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള സിംഭോലി ഷുഗേഴ്സ് ലിമിറ്റഡ് എന്ന പഞ്ചസാര മിൽ കന്പനി ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് (ഒബിസി) എന്ന ബാങ്കിനെതിരേ തട്ടിപ്പ് നടത്തിയെന്നാണു കേസ്. സിംഭോലി ഷുഗേഴ്സ് ലിമിറ്റഡിന്റെ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടർമാരിലൊരാൾ എന്ന നിലയ്ക്കാണു യശ്വന്തിനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഒബിസി ബാങ്കിന്റെ പരാതിയിൽ ബാങ്കിന്റെ ഹാപുർ ബ്രാഞ്ച് വളവും വിത്തുകളും വാങ്ങുന്നതിനായി 5,762 കർഷകർക്ക് 148.59 കോടി രൂപ വായ്പ അനുവദിച്ചുവെന്ന് ചൂണ്ടിക്കാട്ടുന്നു. കർഷകരുടെ സ്വകാര്യ അക്കൗണ്ടുകളിലേക്ക് പണം വിതരണം ചെയ്യുന്നതിനുമുന്പ് ഫണ്ട് സിംഭോലി ഷുഗേഴ്സ് ലിമിറ്റഡ് കന്പനിയുടെ എസ്ക്രോ അക്കൗണ്ടിലേക്ക് മാറ്റാനായിരുന്നു കരാർ.
കന്പനി ലോണ്‍ തിരിച്ചടയ്ക്കുമെന്നും കർഷകർ വഴിയുണ്ടാകുന്ന വീഴ്ചകൾ നികത്തുമെന്നും ഉറപ്പ് നൽകി. എന്നാൽ ലോണ്‍ എടുക്കുന്നവരുടെ വ്യാജ കെവൈസി രേഖകൾ ഉപയോഗിച്ച് കന്പനി ലോണ്‍ തുക തട്ടിയെടുത്തെന്നാണു കേസ്.
97 കോടിയിലധികം രൂപയുടെ വായ്പാതട്ടിപ്പ് നടന്നുവെന്ന് ബാങ്ക് പ്രഖ്യാപിക്കുകയും 2015ൽ കേസ് നൽകുകയും ചെയ്തു. പിന്നീട് കേസ് ഏറ്റെടുത്ത സിബിഐ 2018ലാണ് യശ്വന്തിനെയും പ്രതിപ്പട്ടികയിൽ ചേർത്ത് എഫ്ഐആർ രേഖപ്പെടുത്തിയത്.
പിന്നീട് എവിടെയുമെത്താതെ ഇഴഞ്ഞുനീങ്ങിയ കേസിൽ അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം പുതിയ അന്വേഷണത്തിന് സിബിഐ 2024 ഫെബ്രുവരിയിൽ തുടക്കം കുറിച്ചിരുന്നു.
പഞ്ചാബ് മുൻ മുഖ്യമന്തി അമരീന്ദർ സിംഗിന്റെ മരുമകനും സിംഭോലി ഷുഗേഴ്സ് ലിമിറ്റഡ് കന്പനിയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറുമായ ഗുർപാൽ സിംഗും 2018ലെ സിബിഐയുടെ എഫ്ഐആറിൽ പേരുൾപ്പെട്ട പ്രമുഖനാണ്.