മധുരയിൽ കൊടുംകുറ്റവാളി കാളീശ്വരൻ കൊല്ലപ്പെട്ടു
Monday, March 24, 2025 2:38 AM IST
മധുര: തമിഴ്നാട്ടിലെ മധുരയിൽ കൊടും കുറ്റവാളി പി. കാളീശ്വരനെ അക്രമിസംഘം വെട്ടിക്കൊന്നു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. രണ്ടു കൊലപാതകം ഉൾപ്പെടെ അനവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കാളീശ്വരൻ(37). ഭാര്യയെ കാണാനെത്തിയ കാളീശ്വരനെ സായുധ അക്രമികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകശേഷം മോട്ടോർസൈക്കിളുകളിൽ രക്ഷപ്പെട്ട അക്രമികൾക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഗവ. രാജാജി ആശുപത്രിയിലേക്കുമാറ്റി.
സംഘർഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. അക്രമികളെ കണ്ടെത്താൻ രണ്ടു സംഘങ്ങളെ പോലീസ് നിയോഗിച്ചു. മധുര കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കൊടും കുറ്റവാളിയും മധുര സിറ്റിയിലെ മുൻ ഡിഎംകെ സോണൽ ചെയർപേഴ്സണുമായ വി.കെ. ഗുരുസ്വാമിയുടെ ഉറ്റ ബന്ധുവാണ് കാളീശ്വരൻ.
ഗുരുസ്വാമിയുടെ എതിർപക്ഷത്തുള്ളയാളാണ് അണ്ണാ ഡിഎംകെയുടെ മധുര സിറ്റി നേതാവ് എം. രാജപാണ്ടി. ഇയാൾ രോഗംമൂലം മരിച്ചതിനെത്തുടർന്ന് അനന്തിരവൻ വെള്ളൈ കാളി എന്ന എസ്. കാളിമുത്തുവാണ് ഗുണ്ടാസംഘത്തെ നയിക്കുന്നത്. കാളീശ്വരന്റെ കൊലപാതകത്തിനു പിന്നിൽ കാളിമുത്തുവാണെന്നാണു പോലീസിന്റെ സംശയം.
ഗുരുസ്വാമി-രാജപാണ്ടി വൈരത്തെത്തുടർന്ന് 2001 മുതൽ കൊല്ലപ്പെട്ടത് 15 പേരാണ് . ഇവരിൽ രണ്ടു പേർ പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. 2023ൽ ബംഗളൂരുവിൽവച്ച് ഗുരുസ്വാമി വശശ്രമത്തിൽനിന്നു രക്ഷപ്പെട്ടിരുന്നു. ഇയാളുടെ മരുമകനും അഭിഭാഷകനുമായ എം.എസ്. പാണ്ഡ്യൻ 2019ൽ മധുരയിൽവച്ച് എതിർസംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.