മുസ്ലിം സംവരണത്തിൽ ശിവകുമാറിന്റെ പരാമർശം; പാർലമെന്റിൽ ഭരണപക്ഷ പ്രതിഷേധം
Tuesday, March 25, 2025 3:11 AM IST
ന്യൂഡൽഹി: കർണാടക സർക്കാരിന്റെ പൊതുകരാറുകളിൽ മുസ്ലിംകൾക്കു സംവരണം നൽകുന്നതുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നടത്തിയ പ്രസ്താവനയ്ക്കെതിരേ പാർലമെന്റിൽ ബിജെപിയുടെ പ്രതിഷേധം.
കർണാടക സർക്കാരിന്റെ കരാറുകളിൽ മുസ്ലിം വിഭാഗത്തിൽപ്പെട്ടവർക്ക് നാലു ശതമാനം സംവരണം ഏർപ്പെടുത്തുന്നതിന് ഭരണഘടന ഭേദഗതി ചെയ്യുമെന്ന് ശിവകുമാർ പറഞ്ഞുവെന്ന് ആരോപിച്ചായിരുന്നു ബിജെപിയുടെ പ്രതിഷേധം.
എന്നാൽ, ആരോപണം നിഷേധിച്ച കോൺഗ്രസ്, ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയ്ക്കെതിരേയുള്ള ആരോപണം ചർച്ചയാകാതിരിക്കാനാണു ബിജെപി വ്യാജ ആരോപണങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. വിഷയവുമായി ബന്ധപ്പെട്ട് ഇരുസഭകളിലും ഭരണപക്ഷം പ്രതിഷേധമുയർത്തി.
ഇന്നലെ രാവിലെ 11ന് സഭാ നടപടികൾ ആരംഭിച്ചപ്പോൾ രാജ്യസഭയിലായിരുന്നു ഭരണപക്ഷം ആദ്യം വിഷയം ഉന്നയിച്ചത്. രാജ്യത്ത് ഭരണഘടനാപദവിയുള്ള ഒരാൾ ഇത്തരമൊരു പ്രസ്താവന നടത്തിയത് നിസാരമായി കാണരുതെന്നു ചൂണ്ടിക്കാട്ടി പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു പ്രതിപക്ഷത്തെ കടന്നാക്രമിച്ചു. ഭരണഘടനയ്ക്കു നേരേയുള്ള ആക്രമണമാണു നടന്നിരിക്കുന്നത്. രാജ്യസഭയിലെ പ്രതിപക്ഷനേതാവ് വിഷയത്തിൽ വിശദീകരണം നൽകണം.
മുസ്ലിംകൾക്കു സംവരണം നൽകുന്നതിനായി കോണ്‍ഗ്രസ് ഭരണഘടനയിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്നും റിജിജു രാജ്യസഭയിൽ ചോദിച്ചു. ശിവകുമാറിന്റെ പേര് പരാമർശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
തുടർന്നു പ്രസംഗിച്ച രാജ്യസഭാ നേതാവ് ജെ.പി.നഡ്ഡ, ഭരണഘടന തിരുത്തുമെന്ന പ്രസ്താവന ആശങ്കാജനകമാണെന്ന് ചൂണ്ടിക്കാട്ടി. നഡ്ഡയുടെ പ്രസംഗത്തിനു പിന്നാലെ കോണ്‍ഗ്രസിനെതിരേ പ്രതിഷേധവുമായി ഭരണപക്ഷം മുദ്രാവാക്യം മുഴക്കി സഭയുടെ നടുത്തളത്തിലെത്തി. എന്നാൽ ഭരണഘടന തിരുത്താൻ ആർക്കും കഴിയില്ലെന്ന് വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.
ഭരണഘടന സംരക്ഷിക്കുന്നതിനായി കോണ്‍ഗ്രസ് പാർട്ടി കന്യാകുമാരി മുതൽ കാസർഗോഡ് വരെ ഭാരത് ജോഡോ യാത്ര നടത്തി. ഇന്ത്യയെ ഒന്നിപ്പിക്കുന്നവരാണ് ഞങ്ങൾ. എന്നാൽ ബിജെപി ഭരണഘടന തകർത്ത് ഇന്ത്യയെ ഭിന്നിപ്പിക്കുന്നവരാണെന്നും ഖാർഗെ പറഞ്ഞു. പ്രതിഷേധത്തെത്തുടർന്ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ രാജ്യസഭ പിരിഞ്ഞു. വീണ്ടും ചേർന്നെങ്കിലും പ്രതിഷേധത്തെത്തുടർന്ന് സഭ ഇന്നലത്തേക്കു പിരിയുകയായിരുന്നു.
സമാനമായി ലോക്സഭയിലും ഭരണപക്ഷം പ്രതിഷേധമുയർത്തി. എന്നാൽ ഉച്ചയ്ക്കുശേഷം നടപടികൾ പുനരാരംഭിച്ചു. രാജ്യസഭയിൽ നഡ്ഡയും റിജിജുവും നടത്തിയ പ്രസ്താവന തെറ്റാണെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അവകാശലംഘന നോട്ടീസ് നൽകിയിട്ടുണ്ട്. തെറ്റായ പ്രസ്താവന നടത്തി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി ജയ്റാം രമേശാണ് അവകാശ ലംഘന നോട്ടീസ് നൽകിയത്.
“ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല”
അനൗപചാരികമായി നടത്തിയ പ്രസ്താവനയാണു ബിജെപി വളച്ചൊടിക്കുന്നത്. വിവേകശാലിയും മുതിർന്ന രാഷ്ട്രീയക്കാരനുമാണ് ഞാൻ. കഴിഞ്ഞ 36 വർഷമായി നിയമസഭയിൽ അംഗമാണ്. വിവിധ വിധിന്യായങ്ങളുടെ വെളിച്ചത്തിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന് യാദൃച്ഛികമായി പറഞ്ഞതാണ്.
പിന്നാക്കവിഭാഗങ്ങൾക്ക് ക്വാട്ടയനുസരിച്ച് സംവരണം നൽകിയിട്ടുണ്ട്. ഭരണഘടന മാറ്റാൻ പോകുന്നുവെന്ന് ഞാൻ പറഞ്ഞിട്ടില്ല. തെറ്റായ പ്രസ്താവന നടത്തിയ ബിജെപി അംഗങ്ങൾക്കെതിരേ നിയമപോരാട്ടം നടത്തും.
-കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ