നാഗ്പുർ കലാപം: പരിക്കേറ്റയാൾ മരിച്ചു
Sunday, March 23, 2025 2:42 AM IST
നാഗ്പുർ: മഹാരാഷ്ട്രയിലെ നാഗ്പുരിൽ ഈയാഴ്ചയാദ്യമുണ്ടായ അക്രമസംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. നാഗ്പുരിലെ ഇന്ദിരാഗാന്ധി ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 40 കാരനായ ഇർഫാൻ അൻസാരിയാണു മരിച്ചത്.
ഗുരുതരമായ പരിക്കുകളോടെയാണ് അൻസാരിയെ എത്തിച്ചെതന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. വെൽഡിംഗ് ജോലിക്കാരനായ അൻസാരി കഴിഞ്ഞ തിങ്കളാഴ്ച ഇറ്റാർസിയിലേക്കു പോകാനായി നാഗ്പുർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഘർഷത്തിൽപ്പെട്ടത്.
ഔറംഗസേബിന്റെ ശവകുടീരം നീക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് നടത്തിയ പ്രതിഷേധത്തിനിടെ ഖുറാൻ വചനം എഴുതിയ തുണി കത്തിച്ചുവെന്ന വ്യാജപ്രചാരണമാണ് സംഘർഷമായി വളർന്നത്.
സംഭവത്തിൽ ഇതുവരെ നൂറിലേറെപ്പേരെ പോലീസ് അറസ്റ്റ്ചെയ്തു. നാഗ്പുർ ശാന്തമായെങ്കിലും അധികൃതർ ജാഗ്രത തുടരുകയാണ്. സമൂഹമാധ്യമങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കാനും വ്യാജവും പ്രകോപനപരവുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പോലീസിന് നിർദേശം നൽകി.
അക്രമം നടന്ന ദിവസം സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകള്‍ നേരത്തേതന്നെ കണ്ടെത്തേണ്ടതായിരുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി ചില സമൂഹമാധ്യമ പോസ്റ്റുകള്‍ ബംഗാളി ഭാഷയില്‍ ആയിരുന്നുവെന്നും പറഞ്ഞു.
അക്രമത്തിൽ സംഭവിച്ച നഷ്ടം കലാപകാരികളിൽനിന്ന് ഈടാക്കും. ഇതിനു തയാറായില്ലെങ്കിൽ സ്വത്തുക്കൾ പിടിച്ചെടുത്ത് ലേലത്തിൽ വിറ്റ് തുക ഈടാക്കും. പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചവർക്കെതിരേ കർക്കശ നടപടിയുണ്ടാകും.
യുപിയിലെ ബുൾഡോസർ രാജ് മഹാരാഷ്ട്രയിലും ആവർത്തിക്കുമോ എന്ന ചോദ്യത്തിന് മഹാരാഷ് ട്ര സർക്കാരിന് അതിന്റേതായ പ്രവർത്തനശൈലി ഉണ്ടെന്നും ആവശ്യമെങ്കിൽ ബുൾഡോസർ ഉരുളുമെന്നുമായിരുന്നു മറുപടി.
ഈ മാസം 30നു പ്രഖ്യാപിച്ചിരിക്കുന്ന പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ മാറ്റമില്ലെന്നും ഫഡ്നാവിസ് പറഞ്ഞു.