റവ. ഡോ. മാത്യു ആറ്റിങ്കൽ സിഎംഐ ധർമാരാം വിദ്യാക്ഷേത്രം പ്രസിഡന്റ്
Sunday, March 23, 2025 2:42 AM IST
ബംഗളൂരു: സിഎംഐ സഭയുടെ കീഴിലുള്ള ബംഗളൂരു ധർമാരാം വിദ്യാക്ഷേത്രം പ്രസിഡന്റായി റവ. ഡോ. മാത്യു ആറ്റിങ്കലിനെ വത്തിക്കാൻ നിയമിച്ചു. കത്തോലിക്കാ വിദ്യാഭ്യാസത്തിനുള്ള പൊന്തിഫിക്കൽ പദവിയുള്ള സ്വതന്ത്ര സ്ഥാപനമാണു ധർമാരാം വിദ്യാക്ഷേത്രം.
തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ലൈസൻഷ്യേറ്റ്, ഡോക്ടറേറ്റ്, ഓറിയന്റൽ കാനൻ നിയമത്തിൽ ലൈസൻഷ്യേറ്റ്, കൗൺസലിംഗിൽ ലൈസൻഷ്യേറ്റ്, മാസ്റ്റേഴ്സ് എന്നിവയുൾപ്പെടെയുള്ള ബിരുദങ്ങൾ നൽകാൻ അധികാരമുള്ള സ്വതന്ത്രസ്ഥാപനമാണിത്.
സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് ചാൻസലറും സിഎംഐ സന്യാസസഭയുടെ വികാർ ജനറൽ വൈസ് ചാൻസലറുമായാണു പ്രവർത്തനം. 1957 ജൂൺ ഒന്നിന് പ്രവർത്തനമാരംഭിച്ച ധർമാരാം വിദ്യാക്ഷേത്രത്തിൽ ഇതിനോടകം ഒട്ടേറെ വൈദികരെ പരിശീലിപ്പിച്ചിട്ടുണ്ട്.
മുണ്ടക്കയം കോരുത്തോട് മടുക്കയിൽ ആറ്റിങ്കൽ ചെറിയാൻ-മറിയാമ്മ ദമ്പതികളുടെ മകനായ റവ. ഡോ. മാത്യു ആറ്റിങ്കൽ സിഎംഐ കോട്ടയം സെന്റ് ജോസഫ് പ്രവിശ്യ അംഗമാണ്.