തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ വിമർശനവുമായി കപിൽ സിബൽ
സ്വന്തം ലേഖകൻ
Monday, March 24, 2025 2:38 AM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ള വിശ്വാസം ഭൂരിഭാഗം ജനങ്ങൾക്കും നഷ്ടപ്പെട്ടെന്ന് രാജ്യസഭ എംപിയും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ.
ഭരണഘടനാസ്ഥാപനം അതിന്റെ കൃത്യമായ ജോലി നിർവഹിക്കാത്തതിനാൽ ഭൂരിഭാഗം ജനങ്ങൾക്കും അതിന്മേലുള്ള വിശ്വാസം നഷ്ടപ്പെട്ടു. ഇത് എത്രയും വേഗം പരിഹരിക്കുന്നുവോ അത്രയും പെട്ടെന്ന് ജനാധിപത്യത്തെ രക്ഷിക്കുന്നതിനുള്ള സാധ്യത വർധിക്കുമെന്നും അദ്ദേഹം വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾക്കു പുറമേ പ്രതിപക്ഷം ആരോപിക്കുന്ന വോട്ടർപട്ടികയിലെ ക്രമക്കേടും ഈ സംവിധാനത്തിന്റെ വിശ്വാസ്യത തകർക്കുന്നതാണ്. ഒരുമിച്ചു നിന്ന് ഈ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നീതിന്യായ സംവിധാനത്തിനുമേലുള്ള ജനങ്ങളുടെ വിശ്വാസം കുറഞ്ഞുവരികയാണെന്ന് സമീപകാലത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റുകൂടിയായ കപിൽ സിബൽ ആരോപിച്ചു.