ജസ്റ്റീസ് യശ്വന്ത് വർമ അലഹാബാദ് ഹൈക്കോടതിയിലേക്ക്
Tuesday, March 25, 2025 3:11 AM IST
ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽനിന്നു കണക്കിൽപെടാത്ത പണം കണ്ടെത്തിയെന്ന ആരോപണത്തിൽ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് യശ്വന്ത് വർമയെ ഡൽഹി ഹൈക്കോടതിയിൽനിന്ന് അലഹാബാദ് ഹൈക്കോടതിയിലേക്കു സ്ഥലം മാറ്റാൻ സുപ്രീംകോടതി കൊളീജിയം ഔദ്യോഗികമായി ശിപാർശ ചെയ്തു.
കഴിഞ്ഞ 20നും ഇന്നലെയും ചേർന്ന കൊളീജിയം യോഗത്തിന്റെ അടിസ്ഥാനത്തിൽ എടുത്ത തീരുമാനമാണിതെന്ന് സുപ്രീംകോടതിയുടെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ശിപാർശ രാഷ്ട്രപതി അംഗീകരിക്കുന്നതോടെ സ്ഥലമാറ്റം ഔദ്യോഗികമായി നിലവിൽ വരും.
ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജസ്റ്റീസ് വർമയെ എല്ലാ ഔദ്യോഗിക ജോലികളിൽനിന്നും മാറ്റിനിർത്തിയതായി ഡൽഹി ഹൈക്കോടതി ഇന്നലെ രാവിലെ സർക്കുലർ ഇറക്കിയതിനു പിന്നാലെയാണ് കൊളീജിയത്തിന്റെ നടപടി.
ജസ്റ്റീസ് യശ്വന്ത് വർമയെ അലാഹാബാദ് ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റാനുള്ള തീരുമാനത്തിനെതിരേ ഇന്നുമുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് അലഹാബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് അനിൽ തിവാരി അറിയിച്ചു. ഇതേകാര്യം ലക്നോ ബാർ അസോസിയേഷനോടും അഭ്യർഥിച്ചിട്ടുണ്ടെന്ന് തിവാരി കൂട്ടിച്ചേർത്തു.