ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികളുടെ ആത്മഹത്യ; ദൗത്യസംഘത്തെ നിയോഗിച്ച് സുപ്രീംകോടതി
Tuesday, March 25, 2025 3:11 AM IST
ന്യൂഡൽഹി: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികളുടെ മാനസികാരോഗ്യ ആശങ്കകൾ പരിഹരിക്കുന്നതിനും വർധിച്ചുവരുന്ന ആത്മഹത്യകൾ തടയുന്നതിനുമായി ദേശീയ ദൗത്യസംഘം (നാഷണൽ ടാസ്ക് ഫോഴ്സ്) രൂപീകരിക്കാൻ നിർദേശിച്ച് സുപ്രീംകോടതി.
കാന്പസുകളിൽ ആത്മഹത്യ പോലുള്ള ദൗർഭാഗ്യകരമായ എന്തെങ്കിലും സംഭവമുണ്ടായാൽ ഉചിതമായ അധികാരികളെ അറിയിക്കേണ്ടതു സ്ഥാപനത്തിന്റെ കടമയാണെന്നും ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
പത്തുപേരുൾപ്പെട്ട ദൗത്യസംഘത്തിൽ സുപ്രീംകോടതി മുൻ ജഡ്ജി എസ്. രവീന്ദ്ര ഭട്ടാണ് അധ്യക്ഷൻ. നാലു മാസത്തിനുള്ള വിഷയത്തിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. എട്ടു മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കണം.
ജാതിവിവേചനവും അക്കാദമിക് സമ്മർദവും മൂലം ആത്മഹത്യ ചെയ്ത ഐഐടി ഡൽഹിയിലെ രണ്ടു വിദ്യാർഥികളുടെ മാതാപിതാക്കൾ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ തീരുമാനം.
വിദ്യാർഥികളുടെ ആത്മഹത്യക്കു പിന്നിലെ കാരണങ്ങൾ തിരിച്ചറിയൽ, വിദ്യാർഥിക്ഷേമവും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട നിലവിലുള്ള നയങ്ങൾ അവലോകനം ചെയ്യുക, 1989 ലെ എസ്സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമത്തിനും മറ്റു നിയമങ്ങൾക്കും കീഴിൽ വിദ്യാർഥികളുടെ സംരക്ഷണം ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നിയമപരിഷ്കാരങ്ങൾ പരിശോധിക്കുക, വിദ്യാർഥികളുടെ പിന്തുണാ സംവിധാനങ്ങൾ വിലയിരുത്തുന്നതിന് സർവകലാശാലകളിൽ അപ്രതീക്ഷിത പരിശോധനകൾ, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാനസികാരോഗ്യ സേവനങ്ങൾ നിർബന്ധമായും ഉൾപ്പെടുത്തുന്നതിന് ദേശീയ കർമപദ്ധതി വികസിപ്പിക്കുക തുടങ്ങിയ കാര്യങ്ങളായിരിക്കും ദൗത്യ സംഘത്തിന്റെ പ്രധാന ഉത്തരവാദിത്വം.
ഉന്നതവിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയുടെ റാങ്കിൽ കുറയാത്ത ഒരു ഉന്നത ഉദ്യോഗസ്ഥനെ നോഡൽ ഓഫീസറായി എല്ലാ സംസ്ഥാനങ്ങളും നിയമിക്കണം. വിവിധ വകുപ്പുകളെ ദൗത്യസംഘവുമായി ബന്ധപ്പെടുത്തുന്നത് നോഡൽ ഓഫീസറായിരിക്കും. അദ്ദേഹവുമായി ബന്ധപ്പെട്ട വകുപ്പുകൾ സഹകരിക്കണമെന്നും ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി.
ജാതിവിവേചനം, റാഗിംഗ്, അക്കാദമിക് സമ്മർദങ്ങൾ തുടങ്ങി വിദ്യാർഥികളെ ആത്മഹത്യയിലേക്കു നയിക്കുന്ന സമ്മർദങ്ങളെക്കുറിച്ചുള്ള വിവിധ റിപ്പോർട്ടുകൾ കോടതി പരിശോധിച്ചു. സർവകലാശാലകൾ പഠനകേന്ദ്രങ്ങൾ മാത്രമല്ല വിദ്യാർഥികളുടെ ക്ഷേമത്തിനും സമഗ്രമായ വികസനത്തിനും ഉത്തരവാദിത്വമുള്ള സ്ഥാപനങ്ങളാണെന്നും കോടതി നിരീക്ഷിച്ചു.
വിദ്യാർഥികൾക്കു ഭയമോ വിവേചനമോ ഇല്ലാതെ പഠനം പൂർത്തിയാക്കുന്നതിനുള്ള സുരക്ഷിതത്വവും പിന്തുണയും ഉറപ്പാക്കുന്ന സംസ്കാരം വളർത്തുന്നതിന് എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും മുൻകൈയെടുക്കണമെന്നും വിഷയം പരിഗണിക്കവെ കോടതി വ്യക്തമാക്കി.