ത്രിഭാഷാ വിവാദം രാഷ്ട്രീയപ്രേരിതം: ആർഎസ്എസ്
Saturday, March 22, 2025 1:38 AM IST
ബംഗളൂരു: ത്രിഭാഷാ വിവാദം രാഷ്ട്രീപ്രേരിതമെന്ന് ആർഎസ്എസ്. ഇതു സംബന്ധിച്ച് ആർഎസ്എസ് ഒരു പ്രമേയവും പാസാക്കിയിട്ടില്ലെന്നു സംഘടനാ ജോയിന്റ് ജനറൽ സെക്രട്ടറി സി.ആർ. മുകുന്ദ പറഞ്ഞു.
വിദ്യാഭ്യാസത്തിനും ദൈനംദിന ആശയവിനിമയത്തിനും മാതൃഭാഷയെന്നാണ് ആർഎസ്എസ് നിലപാട്. ദേശീയ വിദ്യാഭ്യാസ നയത്തിനു കീഴിലുള്ള ത്രിഭാഷാ നയത്തെ എതിർക്കുന്നതിലൂടെ ദേശീയ ഐക്യത്തെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധിസഭാ സമ്മേളനവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ മണിപ്പുർ ഉൾപ്പെടെയുള്ള വിഷയത്തിൽ ചർച്ചകൾ നടക്കും.
കഴിഞ്ഞ 20 മാസമായി മണിപ്പുർ ദുഷ്കരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്, കേന്ദ്രസർക്കാരിന്റെ ചില തീരുമാനങ്ങളിൽ പ്രതീക്ഷയുണ്ട്. അവയിൽ ചിലത് രാഷ്ട്രീയവും ചിലത് ഭരണപരവുമാണ്. അത് മണിപ്പുരിലെ ജനങ്ങൾക്കു പ്രതീക്ഷകൾ ഉയർത്തിയിട്ടുണ്ട് -അദ്ദേഹം പറഞ്ഞു.