മഹാരാഷ്ട്രയിലും ബുൾഡോസർ രാജ്; കലാപക്കേസ് പ്രതിയുടെ വീട് ഇടിച്ചുനിരത്തി
Tuesday, March 25, 2025 3:11 AM IST
നാഗ്പുർ: ഉത്തർപ്രദേശിനു പിന്നാലെ ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലും ബുൾഡോസർ രാജ്. നാഗ്പുർ കലാപത്തിന്റെ മുഖ്യസൂത്രധാരനെന്നു പോലീസ് പറയുന്ന ഫാഹിം ഖാന്റെ ഇരുനില വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തു. കെട്ടിടം പൊളിക്കൽ ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്യുന്നതിനു മണിക്കൂറുകൾക്കു മുമ്പായിരുന്നു നടപടി.
അനധികൃത കെട്ടിടമെന്നാരോപിച്ചായിരുന്നു പൊളിക്കൽ. കേസിലെ മറ്റൊരു പ്രതി യൂസഫ് ഷെയ്ഖിന്റെ വീടിന്റെ അനധികൃത ബാൽക്കണിയും മുനിസിപ്പൽ അധികൃതർ പൊളിച്ചുനീക്കി.
കഴിഞ്ഞ ദിവസമാണ് വീട് നിർമാണത്തിന് അനുമതിയില്ലായിരുന്നെന്നു ചൂണ്ടിക്കാട്ടി ഫാഹിം ഖാനും യൂസഫ് ഷെയ്ഖിനും നാഗ്പുർ മുനിസിപ്പൽ കോർപറേഷൻ നോട്ടീസ് നൽകിയത്.
ഇന്നലെ രാവിലെ 10.30ഓടെ, യശോധര നഗർ സഞ്ജയ് ബാഗ് കോളനിയിലെ ഫാഹിം ഖാന്റെ വീട് മൂന്ന് ജെസിബി ഉപയോഗിച്ച് പൊളിക്കാൻ തുടങ്ങി. കനത്ത പോലീസ് സുരക്ഷയിലായിരുന്നു നടപടി. ഉച്ചയ്ക്ക് 2.30ഓടെ ഇരുനിലക്കെട്ടിടം പൂർണമായും തകർത്തു.
ഉച്ചകഴിഞ്ഞ് ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് ഉണ്ടാകുന്നതിനു മുമ്പുതന്നെ ഖാന്റെ ഇരുനിലവീട് പൊളിച്ചുമാറ്റിയെങ്കിലും കേസിലെ മറ്റൊരു പ്രതിയായ യൂസഫ് ഷെയ്ഖിന്റെ വീട് പൊളിക്കുന്നത് ഉത്തരവ് വന്നതിനു പിന്നാലെ നിർത്തിവച്ചു.
വീട് പൊളിച്ചുമാറ്റുന്നതിനെതിരേ ഫാഹിം ഖാനും യൂസഫ് ഷെയ്ഖും ഇന്നലെ രാവിലെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിനെ സമീപിക്കുകയും അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മുനിസിപ്പൽ കോർപറേഷനെ വിമർശിച്ച കോടതി നടപടി സ്റ്റേ ചെയ്തു.
അനധികൃത കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനു മുമ്പ് ഉടമകളുടെ വാദം കേൾക്കാത്തത് എന്തുകൊണ്ടാണെന്നു കോടതി ചോദിച്ചു. ജയിലിലുള്ള ന്യൂനപക്ഷ ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) നേതാവായ ഫാഹിം ഖാനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്.
ഛത്രപതി സംഭാജി ജില്ലയിലുള്ള, മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയിരുന്നു. മാർച്ച് 17ന് ഈ ആവശ്യമുന്നയിച്ച് വിഎച്ച്പി സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ ഖുറാൻ കത്തിച്ചെന്ന പ്രചാരണം നടന്നു. ഇതിനെതിരേ നടന്ന പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്.