അങ്കണവാടിക്കാരെ സ്ഥിരം ജീവനക്കാരാക്കണം; വിധിക്കെതിരേ കേന്ദ്രം ഹർജി നൽകും
Saturday, March 22, 2025 1:54 AM IST
ന്യൂഡൽഹി: അങ്കണവാടി ജീവനക്കാരെ സ്ഥിരം സർക്കാർ ജീവനക്കാരായി പരിഗണിക്കണമെന്ന ഗുജറാത്ത് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യുമെന്ന് കേന്ദ്രസർക്കാർ.
ലോക്സഭയിൽ അടൂർ പ്രകാശ് എംപിയുടെ ചോദ്യത്തിന് വനിതാ- ശിശുക്ഷേമ സഹമന്ത്രി സാവിത്രി താക്കൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അങ്കണവാടി ജീവനക്കാരുടെ പ്രതിഫലം (ഓണറേറിയം) 30,000 രൂപയാക്കി ഉയർത്തുമോയെന്ന എംപിയുടെ ചോദ്യത്തിന്, അത്തരം വിഷയങ്ങൾ പരിഗണനയിലില്ലെന്ന് മന്ത്രി മറുപടി നൽകി.
അതിനിടെ, ആശാ വർക്കർമാരുടെ പ്രതിഫലം വർധിപ്പിക്കാൻ കേരളത്തിൽനിന്നു ശിപാർശയൊന്നും ലഭിച്ചിട്ടില്ലെന്ന് ഡീൻ കുര്യാക്കോസ് എംപിയുടെ ചോദ്യത്തിനു കേന്ദ്രസർക്കാർ നൽകിയ മറുപടിയിൽ വ്യക്തമാക്കി.
വേതനം വർധിപ്പിക്കണമെന്നുള്ള ശിപാർശ ഇതുവരെ നൽകിയത് ഉത്തർപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാന സർക്കാരുകൾ മാത്രമാണെന്നും കേന്ദ്രം അറിയിച്ചു.