ഷിൻഡെയ്ക്കെതിരേ പരാമർശം; മഹാരാഷ്ട്രയിൽ ടെലിവിഷൻ താരത്തിനെതിരേ കേസ്
Tuesday, March 25, 2025 3:11 AM IST
മുംബൈ: ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയ സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്രയ്ക്കെതിരേ മുംബൈ പോലീസ് കേസ് രജിസ്റ്റർചെയ്തു. ശിവസേന എംഎല്‍എ മുരാജി പട്ടേലിന്റെ പാരതിയിലാണ് കേസ്.
കുനാൽ കമ്ര വിവാദ പരാമർശം നടത്തിയ രംഗം ചിത്രീകരിച്ച മുംബൈയിലെ ഖാർ മേഖലയിലെ ഹാബിറ്റാറ്റ് സ്റ്റുഡിയോയിൽ അതിക്രമം കാട്ടിയെന്ന കേസിൽ നാല്പത് ശിവസേനാ പ്രവർത്തകർക്കെതിരേയും പോലീസ് കേസെടുത്തു.
ടെലിവിഷനിലെ കോമഡി പരിപാടിയിൽ ഉപമുഖ്യമന്ത്രിയെ രാജ്യദ്രോഹിയെന്ന തരത്തിൽ വിളിച്ചുവെന്നതാണ് സംഭവത്തിന് അടിസ്ഥാനം. കുനാൽ കമ്ര നടത്തുന്ന ‘നയാ ഭാരത്’ എന്ന പരിപാടിക്കിടെയായിരുന്നു വിവാദ പരാമർശം.
സംസ്ഥാന രാഷ്ട്രീയത്തെക്കുറിച്ച് വിശദീകരിക്കുന്പോൾ ‘ദില്‍ തോ പാഗല്‍ ഹ’ എന്ന ബോളിവുഡ് സിനിമയിലെ പാട്ടിന്റെ പാരഡിയിലൂടെ ഷിന്‍ഡെയുടെ പേര് വിദഗ്ധമായി കാണികളിലെത്തിക്കുകയായിരുന്നു.
ഉപമുഖ്യമന്ത്രിയുടെ രൂപം, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായുള്ള ബന്ധം എന്നിവയെയും ഷോയിൽ പരിഹസിച്ചിരുന്നു.
ഇതോടെ കടുത്ത പ്രതിഷേധവുമായി ശിവസേനാ പ്രവർത്തകർ രംഗത്തെത്തുകയായിരുന്നു. കുനാല്‍ കമ്ര രാജ്യം വിടേണ്ടിവരുമെന്നും പ്രവർത്തകർ പിന്നാലെയുണ്ടെന്നും ശിവസേനാ നേതാക്കൾ ഭീഷണി മുഴക്കിയിട്ടുണ്ട്. കുനാല്‍ കമ്ര മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി ഫഡ്നാവിസും ആവശ്യപ്പെട്ടു.