വീട്ടിൽനിന്നു പണം കണ്ടെത്തിയ സംഭവം; ജഡ്ജിക്കു വിലക്ക്
Sunday, March 23, 2025 2:42 AM IST
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് യശ്വന്ത് വർമയ്ക്കെതിരായ ആരോപണം അന്വേഷിക്കാൻ ആഭ്യന്തര അന്വേഷണസമിതിയെ നിയോഗിച്ച് സുപ്രീംകോടതി. ഇനിയൊരു നിർദേശം ലഭിക്കുന്നതു വരെ ജസ്റ്റീസ് വര്‍മയെ ജോലിയിൽനിന്നു മാറ്റിനിര്‍ത്താനും സുപ്രീംകോടതി ഹൈക്കോടതി ചീഫ് ജസ്റ്റീസിന് നിർദേശം നൽകി.
പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഷീൽ നാഗു, ഹിമാചൽപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ജി.എസ്. സാന്ധവാലിയ, കർണാടക ഹൈക്കോടതി ജഡ്ജി അനു ശിവരാമൻ എന്നിവരടങ്ങുന്നതാണ് അന്വേഷണസമിതി.
നിലവിലുള്ള നടപടിക്രമമനുസരിച്ചാണ് ആഭ്യന്തര അന്വേഷണം നടത്തുന്നതെന്ന് സുപ്രീംകോടതി പത്രക്കുറിപ്പിൽ അറിയിച്ചു. ജസ്റ്റീസ് വർമയുടെ വീട്ടിലുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ടെന്നും ജഡ്ജിയുടെ സ്ഥലംമാറ്റത്തിന് പണം കണ്ടെത്തിയ സംഭവവുമായി ബന്ധമില്ലെന്നും പത്രക്കുറിപ്പിൽ സുപ്രീംകോടതി വ്യക്തമാക്കി.
പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ 14ന് രാത്രിയിലാണു ജഡ്ജിയുടെ വസതിയിൽനിന്നു പണം കണ്ടെടുക്കുന്നതിലേക്കു നയിച്ച തീപിടിത്തമുണ്ടായത്.
ഡൽഹി ലൂട്യൻസിലുള്ള വസതിയിൽ രാത്രിയിലുണ്ടായ തീപിടിത്തത്തിനു പിന്നാലെ അഗ്നിരക്ഷാസംഘം എത്തി തീയണച്ചതിനുശേഷം നാശനഷ്ടം തിട്ടപ്പെടുത്തുന്നതിനിടയിലാണ് അലമാരയിൽ സൂക്ഷിച്ചനിലയിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയത്. 15 കോടി രൂപയോളം കണ്ടെടുത്തുവെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതിനിടെ, വീട്ടിൽനിന്നു പണം കണ്ടെത്തിയിട്ടില്ലെന്ന് ഡൽഹി അഗ്നിരക്ഷാ വിഭാഗം മേധാവി അതുൽ ഗാർഗ് പറഞ്ഞുവെന്ന വാർത്തകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നെങ്കിലും പണം കണ്ടെത്തിയിട്ടില്ലെന്ന് താൻ ഒരു മാധ്യമത്തോടും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 14നാണ് സംഭവം നടന്നതെങ്കിലും പണം കണ്ടെത്തിയ വാർത്ത കഴിഞ്ഞദിവസം ഒരു ദേശീയ ദിനപത്രത്തിലൂടെയാണ് പുറത്തുവന്നത്.