പ്രതീക്ഷയേകി മണിപ്പുരിൽ സുപ്രീംകോടതി ജഡ്ജിമാരുടെ സന്ദർശനം
Sunday, March 23, 2025 2:42 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: മണിപ്പുരിൽ നീതിയും സമാധാനവും വൈകാതെ ലഭിക്കുമെന്ന് സുപ്രീംകോടതി ജഡ്ജിമാർ. ഇന്നലെ മണിപ്പുർ സന്ദർശിക്കവെയാണ് ജഡ്ജിമാർ ഇക്കാര്യം വ്യക്തമാക്കിയത്.
ദേശീയ നിയമസഹായ അഥോറിറ്റി എക്സിക്യൂട്ടീവ് ചെയർമാൻകൂടിയായ ജസ്റ്റീസ് ബി.ആർ. ഗവായിയുടെ നേതൃത്വത്തിൽ സുപ്രീംകോടതിയിലെ ജഡ്ജിമാരായ സൂര്യകാന്ത്, വിക്രംനാഥ്, എം.എം. സുന്ദരേഷ്, കെ.വി. വിശ്വനാഥൻ, എൻ. കോടീശ്വർ സിംഗ് എന്നിവരാണ് മണിപ്പുരിലെ കലാപബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാന്പുകളും സന്ദർശിക്കുന്നതിനായി ഇന്നലെ രാവിലെ തലസ്ഥാനമായ ഇംഫാലിലെത്തിയത്. മണിപ്പുർ ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഡി. കൃഷ്ണകുമാറും ജസ്റ്റീസ് ഗോൾമെയ് ഗൈഫുൽഷിലുവും സുപ്രീംകോടതി ജഡ്ജിമാരെ അനുഗമിച്ചു.
എന്നാൽ, മണിപ്പുരിൽനിന്നുള്ള ആദ്യ സുപ്രീംകോടതി ജഡ്ജിയും മെയ്തെയ് വിഭാഗക്കാരനുമായ ജസ്റ്റീസ് എൻ. കോടീശ്വർ സിംഗിന് ചുരാചന്ദ്പുർ സന്ദർശിച്ച ഉന്നത ജഡ്ജിമാരുടെ സംഘത്തിൽനിന്ന് വിട്ടുനിൽക്കേണ്ടിവന്നു.
മണിപ്പുർ ഹൈക്കോടതിയിലെ മെയ്തെയ് ജഡ്ജിമാരായ എ. ബിമോൾ, ഗുണേശ്വർ ശർമ എന്നിവർക്കും ഇന്നലെ ചുരാചന്ദ്പുർ സന്ദർശിക്കാനായില്ല.
ഗോത്ര ഭൂരിപക്ഷ മലയോരത്തേക്ക് മെയ്തെയ് ജഡ്ജിമാർ പ്രവേശിക്കരുതെന്ന ചുരാചന്ദ്പുർ ജില്ലാ അഭിഭാഷകസംഘടനയുടെ മുന്നറിയിപ്പിനെത്തുടർന്നാണിത്.
മെയ്തെയ് ജഡ്ജിമാർ കുക്കി- സോ ആധിപത്യമുള്ള പ്രദേശം സന്ദർശിക്കുന്നതു തടയുന്ന പ്രസ്താവന പിൻവലിക്കണമെന്ന ഓൾ മണിപ്പുർ ബാർ അസോസിയേഷന്റെ ആവശ്യം ചുരാചന്ദ്പുർ ബാർ അസോസിയേഷൻ തള്ളി. ഗവായിയുടെ നേതൃത്വത്തിൽ അഞ്ചു ജഡ്ജിമാർ ചുരാചന്ദ്പുർ സന്ദർശിച്ചപ്പോൾ ജസ്റ്റീസ് കോടീശ്വർ സിംഗ് മാത്രം തൊട്ടടുത്ത മെയ്തെയ് ഭൂരിപക്ഷ ജില്ലയായ ബിഷ്ണുപുരിലെ ദുരിതാശ്വാസ ക്യാന്പിൽ സന്ദർശനം നടത്തി. മണിപ്പുരിൽ ഉടൻ സമാധാനം തിരിച്ചുവരുമെന്ന് ജസ്റ്റീസ് ഗവായ് ഉറപ്പ് നൽകി.
""നിങ്ങളെല്ലാവരും ദുഷ്കരമായൊരു ഘട്ടത്തിലൂടെയാണു കടന്നുപോകുന്നതെന്ന് ഞങ്ങൾക്കറിയാം. പക്ഷേ എല്ലാവരുടെയും സഹായത്തോടെ ഈ ഘട്ടം ചുരുങ്ങിയ സമയത്തിനുള്ളിൽ അവസാനിക്കും. ഭരണഘടനയിൽ വിശ്വാസമർപ്പിക്കുക. ഒരു ദിവസം സംസ്ഥാനത്ത് പൂർണ സമാധാനം തിരിച്ചെത്തുമെന്നു നമ്മുടെ ഭരണഘടന ഉറപ്പാക്കും.
ഒരു ദിവസം, നമ്മൾ അതിനെ മറികടക്കും.’’- ചുരാചന്ദ്പൂർ ജില്ലയിലെ കുടിയിറക്കപ്പെട്ടയാളുകൾക്കു ജസ്റ്റീസ് ഗവായ് ഉറപ്പുനൽകി. ചുരാചന്ദ്പുരിലെ ദുരിതാശ്വാസ ക്യാന്പിൽ താമസിക്കുന്ന ആളുകൾക്ക് സുപ്രീംകോടതി ജഡ്ജിമാർ അവശ്യവസ്തുക്കളും മരുന്നും ഭക്ഷണവും വിതരണം ചെയ്തു.
ജസ്റ്റീസ് കോടീശ്വർ സിംഗ് ഒഴികെയുള്ള നാലു ജഡ്ജിമാർ ഒപ്പമുണ്ടായിരുന്നു. മണിപ്പുരിൽ ദ്വിദിന സന്ദർശനത്തിനെത്തിയ സുപ്രീംകോടതി ജഡ്ജിമാർ ഇന്ന് മണിപ്പുർ ഹൈക്കോടതിയിലെ പരിപാടിയിൽ പങ്കെടുക്കും.
ചുരാചന്ദ്പുരിലെയും ബിഷ്ണുപുരിലെയും ദുരിതാശ്വാസ ക്യാന്പുകൾ സന്ദർശിച്ച ജഡ്ജിമാർ കലാപത്തിലെ ഇരകളോട് അക്രമങ്ങളുടെയും കൊടിയ ദുരിതങ്ങളുടെയും വംശീയവും വർഗീയവുമായ സംഘർഷങ്ങളുടെയും വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു.
ചുരാചന്ദ്പുരിലെ മിനി സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ അക്രമങ്ങളുടെ ഇരകൾക്കുള്ള നിയമ-സേവന ക്യാന്പുകൾ, നിയമസഹായ ക്ലിനിക്കുകൾ, താത്കാലിക മെഡിക്കൽ സൗകര്യങ്ങൾ എന്നിവ ജസ്റ്റീസ് ഗവായ് ഉദ്ഘാടനം ചെയ്തു.
ജഡ്ജിമാർ പിന്നീട്, ബിഷ്ണുപുരിലെ മൊയ്രംഗ് കോളജിലുള്ള ദുരിതാശ്വാസ ക്യാന്പിൽ കഴിയുന്ന അക്രമത്തിനിരയായവരെയും കണ്ടു. കലാപത്തിലെ ഇരകളുടെ നിയമപരമായ അവകാശങ്ങൾക്കും പ്രാപ്യതയ്ക്കും ഇടയിലുള്ള വിടവ് നികത്തുന്നതിലൂടെ, കുടിയിറക്കപ്പെട്ട ഓരോ വ്യക്തിക്കും അന്തസോടെ ജീവിതം പുനർനിർമിക്കാൻ ആവശ്യമായ പിന്തുണ, സംരക്ഷണം, വിഭവങ്ങൾ എന്നിവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് ദേശീയ നിയമസഹായ അഥോറിറ്റി ദീപികയോടു പറഞ്ഞു.1987ലെ ലീഗൽ സർവീസസ് അഥോറിറ്റി നിയമപ്രകാരം 1995ലാണ് നിയമസഹായ അഥോറിറ്റി രൂപീകരിച്ചത്.
നൂറുകണക്കിനു ജീവൻ നഷ്ടപ്പെടുന്നതിനും 60,000ത്തിലധികം ആളുകളെ കുടിയിറക്കുന്നതിനും കാരണമായ 2023 മേയ് മൂന്നിന് തുടങ്ങിയ വിനാശകരമായ വിഭാഗീയ അക്രമത്തിന് ഏകദേശം രണ്ടു വർഷത്തിനു ശേഷവും പലരും മണിപ്പുരിലുടനീളമുള്ള ദുരിതാശ്വാസ ക്യാന്പുകളിൽ അഭയം തേടുന്നത് തുടരുന്നു. സുപ്രീംകോടതി ജഡ്ജിമാരുടെ സന്ദർശനം ഈ ബാധിത സമൂഹങ്ങൾക്ക് നിയമപരവും മാനുഷികവുമായ സഹായത്തിന്റെ ആവശ്യകത എടുത്തുകാണിക്കുന്നുവെന്ന് അഥോറിറ്റി പ്രസ്താവനയിൽ പറഞ്ഞു.