ബംഗ്ലാദേശിലെ ഹൈന്ദവ പീഡനങ്ങളിൽ ആശങ്കയുമായി ആർഎസ്എസ്
Sunday, March 23, 2025 2:42 AM IST
ബംഗളുരു: ബംഗ്ലാദേശിൽ ഭീകരവാദികൾ അവിടെയുള്ള ഹിന്ദുക്കൾക്കെതിരേ നടത്തുന്ന അക്രമവും അനീതിയും ആശങ്കപ്പെടുത്തുന്നതാണെന്നു ആർഎസ്എസ്. ബംഗളുരുവിൽ തുടരുന്ന ആർഎസ്എസ് അഖില ഭാരതീയ പ്രതിനിധി സഭാ യോഗത്തിന്റെ രണ്ടാം ദിനമായ ഇന്നലെ ഇതുസംബന്ധിച്ച പ്രമേയം സംഘടന പാസാക്കി.
ബംഗ്ലാദേശിൽ ഭരണമാറ്റത്തെത്തുടർന്ന് ഉണ്ടായ ആക്രമണങ്ങൾ മതപരമല്ലെന്നും മറിച്ച് രാഷ്ട്രീയപരമാണെന്നും ഉള്ള വാദം സത്യവിരുദ്ധമാണ്. പ്രശ്നത്തിൽ വിവിധ രാജ്യങ്ങളിലുള്ള ഹിന്ദുക്കളും അന്താരാഷ്ട്ര സംഘടനകളും ശബ്ദമുയർത്തണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെടുന്നു.
മണ്ഡലപുനർ നിർണയവുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗം ചർച്ച ചെയ്തു. ഇതിനെതിരേ ഇപ്പോൾ പ്രതിഷേധിക്കുന്നവർക്ക് എന്തെങ്കിലും രാഷ്ട്രീയ അജണ്ടയുണ്ടോയെന്നു സംശയിക്കുന്നതായി ആർഎസ്എസ് ജനറൽ സെക്രട്ടറി അരുൺകുമാർ പറഞ്ഞു.
വിഷയം ചർച്ച ചെയ്യാൻ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ വിളിച്ചുചേർത്ത യോഗത്തിൽ നിരവധി ദക്ഷിണേന്ത്യൻ നേതാക്കൾ പങ്കെടുത്ത സാഹചര്യത്തിലാണ് പരാമർശം.