ജഡ്ജിയുടെ വസതിയിൽ നോട്ടുകെട്ടുകൾ
Saturday, March 22, 2025 1:54 AM IST
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽനിന്നു കണക്കിൽപ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയതായി വാർത്ത. കഴിഞ്ഞദിവസം ജസ്റ്റീസ് വർമയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തം അണയ്ക്കാൻ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ എത്തിയപ്പോൾ പണം കണ്ടെത്തിയെന്നാണ് വാർത്ത പ്രചരിച്ചത്.
എന്നാൽ തങ്ങൾ പണമൊന്നും കണ്ടെത്തിയിട്ടില്ലെന്നു വ്യക്തമാക്കി ഡൽഹി അഗ്നിരക്ഷാവിഭാഗം മേധാവി പിന്നീട് രംഗത്തുവന്നു. 15 കോടിയിലധികം രൂപയാണു കണ്ടെടുത്തതെന്നാണ് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തത്.
സംഭവം നടക്കുന്പോൾ ജഡ്ജി വീട്ടിലുണ്ടായിരുന്നില്ലെന്നും തീയണച്ചശേഷം നടപടിക്രമത്തിന്റെ ഭാഗമായി നാശനഷ്ടങ്ങളുടെ കണക്കെടുക്കുന്പോഴായിരുന്നു ഒരു മുറിയിലെ അലമാരയിൽനിന്നു പണം കണ്ടെടുത്തതെന്നുമാണ് വാർത്ത. പരിശോധനയിൽ ഇതു കണക്കിൽപ്പെടാത്തതാണെന്നു വ്യക്തമായതോടെ മുതിർന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
വിഷയം ശ്രദ്ധയിൽപ്പെട്ട കേന്ദ്രസർക്കാർ കൂടുതൽ നടപടികൾക്കായി സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ വിവരം അറിയിച്ചുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിഷയത്തിന്റെ ഗൗരവം മനസിലാക്കിയ ചീഫ് ജസ്റ്റീസ് കൊളീജിയത്തിന്റെ യോഗം വിളിച്ച് തുടർനടപടികൾ ചർച്ച ചെയ്തു. ജസ്റ്റീസ് വർമയെ താത്കാലികമായി അലഹാബാദ് ഹൈക്കോടതിയിലേക്കു സ്ഥലം മാറ്റി. എന്നാൽ, പണം കണ്ടെത്തിയതുമായി ബന്ധപ്പെട്ടല്ല സ്ഥലം മാറ്റമെന്നും ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ജഡ്ജിക്കെതിരേ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റീസിൽനിന്ന് സുപ്രീംകോടതി കൊളീജിയം റിപ്പോർട്ട് തേടുകയും ചെയ്തു. എന്നാൽ, ജഡ്ജിക്കെതിരേയുള്ള നടപടി സ്ഥലംമാറ്റത്തിൽ മാത്രം ഒതുക്കാതെ അദ്ദേഹത്തിനെതിരേ മറ്റു നടപടികൾ സ്വീകരിക്കണമെന്ന് മുതിർന്ന അഭിഭാഷകരടക്കം ആവശ്യപ്പെട്ടു. ജഡ്ജിമാരുടെ നിയമനപ്രക്രിയ കൂടുതൽ സുതാര്യമായിരിക്കണമെന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് കപിൽ സിബൽ ആവശ്യപ്പെട്ടു.
ആവശ്യമെങ്കിൽ ജഡ്ജിക്കെതിരേ തുടർനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, ജഡ്ജിയുടെ ഔദ്യോഗിക വസതിയിൽനിന്നു പണം കണ്ടെത്തിയത് ഗൗരവമുള്ള വിഷയമാണെന്ന് പ്രതിപക്ഷം വിഷയം രാജ്യസഭയിൽ ചൂണ്ടിക്കാട്ടി.
വിഷയം സഭയിൽ ചർച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് എംപി ജയ്റാം രമേശ് ആവശ്യപ്പെട്ടു. എന്നാൽ സഭയുടെ ചട്ടങ്ങൾക്കുള്ളിൽ വിഷയത്തിൽ ചർച്ച നടത്താമെന്നായിരുന്നു രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻകറിന്റെ പ്രതികരണം.
2021 ഒക്ടോബറിലാണ് യശ്വന്ത് വർമ ഡൽഹി ഹൈക്കോടതിയിൽ നിയമിതനായത്. നിലവില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സീനിയോറിറ്റിയില്‍ മൂന്നാമനായ ഇദ്ദേഹം ഹൈക്കോടതി കൊളീജിയത്തില്‍ അംഗവുമാണ്.
പുറത്താക്കാൻ നടപടിക്രമങ്ങളേറെ
ഹൈക്കോടതി ജഡ്ജിമാർക്കെതിരേ എന്തെങ്കിലും ആരോപണങ്ങളുണ്ടായാൽ പ്രാഥമിക അന്വേഷണത്തിനുശേഷം ആരോപണം നേരിട്ട ജഡ്ജിയിൽനിന്നു സുപ്രീംകോടതി കൊളീജിയം വിശദീകരണം തേടും.
തുടർന്ന് കൂടുതൽ അന്വേഷണത്തിനായി സുപ്രീംകോടതി ജഡ്ജിമാർ ഉൾപ്പെടുന്ന മൂന്നംഗ ആഭ്യന്തര കമ്മിറ്റി രൂപീകരിക്കും. കമ്മിറ്റി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ.
പാർലമെന്റ് പാസാക്കുന്ന ഇംപീച്ച്മെന്റ് പ്രമേയത്തിലൂടെ മാത്രമേ ഒരു ഹൈക്കോടതി ജഡ്ജിയെ തത്സ്ഥാനത്തുനിന്ന് നീക്കാനാകൂ.