ജസ്റ്റീസ് യശ്വന്ത് വർമയുടെ വീട്ടിൽനിന്നു പണം കണ്ടെത്തിയ സംഭവം:കുരുക്ക് മുറുകുന്നു
സനു സിറിയക്
Monday, March 24, 2025 2:38 AM IST
ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽനിന്നു പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് യശ്വന്ത് വർമയ്ക്കെതിരേ ശക്തമായ നടപടി ഉറപ്പായി. ആരോപണം അദ്ദേഹം നിഷേധിച്ചെങ്കിലും അദ്ദേഹത്തിനെതിരായ ശക്തമായ തെളിവുകൾ ലഭിക്കുകയും സുപ്രീംകോടതി ഇതു പുറത്തുവിടുകയും ചെയ്തുകഴിഞ്ഞു.
ജുഡീഷറിയുടെ മേൽ ഒരു കളങ്കവും വച്ചുപൊറുപ്പിക്കില്ലെന്ന നിലപാടിലാണു സുപ്രീംകോടതി. ഇതിന്റെ ഭാഗമായിത്തന്നെയാണ് ജസ്റ്റീസ് യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽനിന്നുള്ള കത്തിക്കരിഞ്ഞ നോട്ടുകെട്ടുകളുടെ വീഡിയോദൃശ്യങ്ങൾ കോടതി പുറത്തുവിട്ടത്. തന്റെ വീടിന്റെ പരിസരത്തുനിന്ന് നോട്ടുകൾ കണ്ടെത്തിയിട്ടില്ല എന്ന ജസ്റ്റീസ് വർമയുടെ വാദം പൊളിച്ചുകൊണ്ട് അദ്ദേഹത്തിന്റെ വസതിയുടെ സമീപത്ത് കത്തിക്കരിഞ്ഞ നിരവധി നോട്ടുകൾ കണ്ടതായി ശുചീകരണ തൊഴിലാളികളും വ്യക്തമാക്കിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ചുള്ള ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഡി.കെ. ഉപാധ്യായയുടെ പ്രാഥമിക അന്വേഷണറിപ്പോർട്ടും കത്തിക്കരിഞ്ഞ നോട്ടുകളുടെ ദൃശ്യങ്ങളും ഫോട്ടോകളും ഉൾപ്പെടെ സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ശനിയാഴ്ച അർധരാത്രിയോടെയാണു പ്രസിദ്ധീകരിച്ചത്.
ഡൽഹി പോലീസ് കമ്മീഷണർ സഞ്ജയ് അറോറ കൈമാറിയ ദൃശ്യങ്ങളാണ് അന്വേഷണറിപ്പോർട്ടിനൊപ്പം ഹൈക്കോടതി ചീഫ് ജസ്റ്റീസ് സുപ്രീംകോടതിക്കു സമർപ്പിച്ചത്. 25 പേജുള്ള റിപ്പോർട്ടിൽ സാക്ഷികളുടെ പേരും വിവരങ്ങളും മറച്ചുവച്ചാണ് പരസ്യപ്പെടുത്തിയിരിക്കുന്നത്. വിഷയത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും ജസ്റ്റീസ് ഉപാധ്യായ സുപ്രീംകോടതി ചീഫ് ജസ്റ്റീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൈക്കോടതി ചീഫ് ജസ്റ്റീസ് സമർപ്പിച്ച റിപ്പോർട്ട് അടക്കം സുപ്രീംകോടതി കൊളീജിയം പരിശോധിച്ചശേഷം വരുംദിവസങ്ങളിൽത്തന്നെ ജഡ്ജിക്കെതിരേ നടപടികളിലേക്ക് കടക്കാനാണു സാധ്യത. കൊളീജിയത്തിലുള്ള രണ്ടു ജഡ്ജിമാർ മണിപ്പുരിലെ കലാപബാധിതപ്രദേശങ്ങൾ സന്ദർശിക്കുന്നതിനാൽ അവർ ഇന്നു തിരിച്ചെത്തിയശേഷമായിരിക്കും കൂടുതൽ നടപടികൾ സ്വീകരിക്കുക.
ആരോപണം തെളിയിക്കപ്പെട്ടാൽ ഇംപീച്ച്മെന്റ് നടപടികളിലേക്ക് കടക്കുന്നതിനപ്പുറം ജസ്റ്റീസിനോട് രാജി വയ്ക്കാനാകും ചീഫ് ജസ്റ്റീസ് ആവശ്യപ്പെടുക. സ്വയം രാജിവയ്ക്കാൻ തയാറായില്ലെങ്കിൽ മാത്രമാകും ഇംപീച്ച്മെന്റ് നടപടിയിലേക്ക് കടക്കുക. വിഷയം പാർലമെന്റിലും ചർച്ചാവിഷയമായേക്കും.
ജസ്റ്റീസ് ശർമയ്ക്കെതിരേ സുപ്രീംകോടതിയിൽ ഹർജിയുമെത്തിയിട്ടുണ്ട്. ചീഫ് ജസ്റ്റീസ് സമർപ്പിച്ച റിപ്പോർട്ട് ഇപ്രകാരമാണ്: തീപിടിത്തമുണ്ടായ 14ന് രാത്രിയിൽ ജസ്റ്റീസ് വർമ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല. അദ്ദേഹം ഭോപ്പാലിലായിരുന്നു. മകളും ജോലിക്കാരനുമാണ് സ്റ്റോർ റൂമിൽ തീപിടിത്തമുണ്ടായ വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചത്. തീയണയ്ക്കുന്നതിന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയപ്പോ ഴാണ് നോട്ടുകെട്ടുകൾ കത്തിക്കരിഞ്ഞതായി കാണുന്നത്. തുടർന്ന് കത്തിക്കരിഞ്ഞ നോട്ടുകളുടെ വീഡിയോയടക്കം പോലീസ് കമ്മീഷണർ ഹൈക്കോടതി ചീഫ് ജസ്റ്റീസിന് വാട്ട്സ്ആപ് മുഖേന കൈമാറി.
തീപിടിത്തമുണ്ടായ സ്ഥലത്തുനിന്ന് 15ന് കത്തിക്കരിഞ്ഞ ചില വസ്തുക്കൾ നീക്കം ചെയ്തതായും പോലീസ് കമ്മീഷണർ ചീഫ് ജസ്റ്റീസിനെ അറിയിച്ചു.
ആരോപണം നിഷേധിച്ച് ജസ്റ്റീസ് വർമ
സ്റ്റോർ റൂമിൽനിന്നു കണ്ടെടുത്ത നോട്ടുകെട്ടുകളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നാണ് ജസ്റ്റീസ് വർമ ഹൈക്കോടതി ചീഫ് ജസ്റ്റീസിനു നൽകിയ വിശദീകരണത്തിൽ പറയുന്നത്. താൻ താമസിക്കുന്ന വസതിക്കു പുറത്തുള്ള സ്റ്റോർ റൂം പൂട്ടാറില്ലെന്നും ആർക്കു വേണമെങ്കിലും അത് ഉപയോഗിക്കാമെന്നും ജസ്റ്റീസ് വർമ അവകാശപ്പെട്ടു.
വീഡിയോദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ തനിക്കെതിരായി എന്തോ നീക്കം നടക്കുന്നതായാണ് അദ്ദേഹം പറഞ്ഞത്. വിഷയത്തിൽ കൂടുതൽ അന്വേഷണത്തിന് മൂന്ന് ജഡ്ജിമാരടങ്ങുന്ന സമിതിയെ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന നിയോഗിച്ചിട്ടുണ്ട്.