വാഹനാപകടം: പണരഹിത ചികിത്സയ്ക്കു പദ്ധതി വേണം-സുപ്രീംകോടതി
Friday, January 10, 2025 2:45 AM IST
ന്യൂഡൽഹി: വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് ഗോൾഡൻ അവറിൽ പണരഹിത ചികിത്സ നൽകുന്ന പദ്ധതി മാർച്ച് 14നു മുന്പ് രൂപീകരിക്കാൻ കേന്ദ്രത്തോടു നിർദേശിച്ച് സുപ്രീംകോടതി.
കൃത്യസമയത്തു പരിചരണം നൽകി ജീവൻ രക്ഷിക്കാനും അടിയന്തരഘട്ടങ്ങളിൽ സാധാരണയായി നേരിടുന്ന സാന്പത്തികതടസങ്ങൾ പരിഹരിക്കാനും ലക്ഷ്യമിടുന്നതാണു പദ്ധതി.
മോട്ടോർ വാഹന നിയമത്തിലെ 162-ാം വകുപ്പ് പ്രകാരം അപകടത്തിൽപ്പെട്ടവർക്ക് ആദ്യമണിക്കൂറിൽ പണരഹിത ചികിത്സ നൽകുന്ന പദ്ധതി തയാറാക്കാൻ സർക്കാരിനു ബാധ്യതയുണ്ടെന്ന് ജസ്റ്റീസുമാരായ അഭയ് എസ്. ഓക്ക, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
പദ്ധതി നടപ്പാക്കിയാൽ റോഡപകടത്തിൽപ്പെട്ടു കൃത്യമായ സമയത്ത് ചികിത്സ ലഭിക്കാതെ മരണത്തിനു കീഴടങ്ങുന്ന നിരവധി ആളുകളുടെ ജീവൻ രക്ഷിക്കാനാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
പരിക്കേറ്റതിനുശേഷമുള്ള ആദ്യ ഒരു മണിക്കൂറിനെയാണ് ഗോൾഡൻ അവർ അഥവ സുവർണ മണിക്കൂർ എന്നു പറയുന്നത്. ഈ സമയത്തിനുള്ളിൽ പരിക്കേറ്റവർക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കിയാൽ ജീവൻ രക്ഷിക്കാൻ സാധിക്കും.