ഡൽഹിയിൽ പോരാട്ടം തീപാറും
Wednesday, January 8, 2025 1:47 AM IST
ജോർജ് കള്ളിവയലിൽ
ഡൽഹി ചെറിയൊരു മീനല്ല. ചെറിയ സംസ്ഥാനമെങ്കിലും ദേശീയ തലസ്ഥാന നഗരത്തിലെ 70 അംഗ നിയമസഭാ തെരഞ്ഞെടുപ്പിന് വലിയ ദേശീയ പ്രാധാന്യമുണ്ട്.
ആം ആദ്മി പാർട്ടിയും ബിജെപിയും കോണ്‍ഗ്രസും തമ്മിൽ ത്രികോണ മത്സരം നടക്കുന്ന ഇത്തവണത്തെ തെരഞ്ഞെടുപ്പിനു പതിവിലേറെ വീറും വാശിയുമാണ്. ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എഎപിക്കും അരവിന്ദ് കേജരിവാളിനും അഭിമാന പോരാട്ടമാണെങ്കിലും പിടിച്ചുനിൽക്കാനെങ്കിലും കഴിയുകയാണു കോണ്‍ഗ്രസിന്റെ മോഹം.
തുടർച്ചയായി മൂന്നാം തവണയും അധികാരം കൈക്കലാക്കാനായി കേജരിവാളും മുഖ്യമന്ത്രി അതിഷിയും അടക്കമുള്ള എഎപി നേതൃത്വം അരയും തലയും മുറുക്കി രംഗത്തുണ്ട്. തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചതിനുമുന്പായി തന്നെ ആകെയുള്ള 70 സീറ്റുകളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കഴിഞ്ഞത് എഎപിക്ക് നേരിയ മുൻതൂക്കമായി.
മുഖ്യമന്ത്രി സ്ഥാനാർഥിയായി അരവിന്ദ് കേജരിവാൾ വീണ്ടും മുന്നിൽ നിന്നു നയിക്കുന്നുവെന്നത് ചെറിയ കാര്യമല്ല. എന്നാൽ ബിജെപിയും കോണ്‍ഗ്രസും മുഖ്യമന്ത്രിസ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. കോണ്‍ഗ്രസ് 48 സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ ബിജെപിക്ക് 29 സ്ഥാനാർഥികളെ മാത്രമേ മുൻകൂട്ടി പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടുള്ളൂ.
കേജരിവാളിനെതിരേ ശക്തനായ നേതാവിനെ മുഖ്യമന്ത്രിസ്ഥാനാർഥിയായി മുൻകൂട്ടി പ്രഖ്യാപിക്കാൻ ബിജെപിയിൽ സമ്മർദമുണ്ട്. എംപിമാരായ മനോജ് തിവാരി, ബൻസുരി സ്വരാജ് തുടങ്ങിയ പേരുകളോടൊപ്പം മുൻ എംപി പർവേശ് വർമ, പ്രതിപക്ഷ നേതാവ് വിജേന്ദർ ഗുപ്ത തുടങ്ങിയവരെല്ലാം പരിഗണനയിലുണ്ട്.
പിന്നാക്ക, ദളിത് നേതാക്കളെ ആലോചിച്ചെങ്കിലും പൊതുസ്വീകാര്യതയുള്ള നേതാവിനെ ഇനിയും കണ്ടെത്താനായിട്ടില്ല. മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകനും മുൻ എംപിയുമായ സന്ദീപ് ദീക്ഷിതാണു കോണ്‍ഗ്രസിന്റെ പ്രധാന നേതാവെങ്കിലും മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടില്ല.
കാൽ നൂറ്റാണ്ട് കാലമായി പ്രതിപക്ഷത്തിരിക്കേണ്ടി വന്ന ബിജെപിക്ക് ഇത്തവണ ഭരണം പിടിക്കുകയെന്നത് ജീവന്മരണ പ്രശ്നമാണ്. മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പ് വിജയങ്ങളുടെ പിന്നാലെയുള്ള ഡൽഹി തെരഞ്ഞെടുപ്പിൽ എങ്ങനെയും അധികാരം പിടിക്കാൻ പതിനെട്ടടവുകളും പുറത്തെടുക്കുകയാണു ബിജെപി.
കേന്ദ്രത്തിലും നിരവധി സംസ്ഥാനങ്ങളിലും ഭരണത്തുടർച്ച ഉറപ്പാക്കിയിട്ടും ദേശീയതലസ്ഥാനത്തെ ഭരണം തുടർച്ചയായി കിട്ടാക്കനിയായത് ബിജെപിയെ വിഷമത്തിലാക്കി. ഡൽഹി പിടിക്കാൻ എന്തും ചെയ്യണമെന്നതിൽ മോദി, അമിത് ഷാ, ജെ.പി. നഡ്ഡ ത്രിമൂർത്തികൾ യോജിപ്പിലാണ്.
ഷീലാ ദീക്ഷിതിന്റെ തുടർച്ചയായ 15 വർഷത്തെ ഭരണത്തിനുശേഷം തകർന്നടിഞ്ഞ കോണ്‍ഗ്രസിനാകട്ടെ നിലനില്പിന്റെ പ്രശ്നമാണ്. പുതിയ നിയമസഭയിൽ കോണ്‍ഗ്രസിന്റെ ശക്തമായ സാന്നിധ്യമെങ്കിലും ഉറപ്പിക്കുകയാകും പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെയ്ക്കും നിർണായകം.
എഎപിയും ബിജെപിയും തമ്മിലാണു പ്രധാന മത്സരമെങ്കിലും നിരവധി മണ്ഡലങ്ങളിൽ വിജയിയെ തീരുമാനിക്കുന്നതിൽ കോണ്‍ഗ്രസിന്റെ സാന്നിധ്യമാകും പ്രധാനം. പ്രതിപക്ഷ വോട്ടുകളിലെ ഭിന്നിപ്പും ഭരണവിരുദ്ധ വികാരവും മുതലെടുക്കാനായാൽ ഭരണം കൈക്കലാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.
ഡൽഹി മദ്യനയ അഴിമതി ആരോപണത്തിൽ കേജരിവാളിനെയും ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെയും അടക്കം അറസ്റ്റ് ചെയ്തു ജയിലിലിട്ട നടപടി ബിജെപിക്കാണോ എഎപിക്കാണോ നേട്ടമുണ്ടാക്കുകയെന്നത് ഫെബ്രുവരി അഞ്ചിലെ വോട്ടെടുപ്പിൽ തെളിയും.
പ്രതിപക്ഷ നേതാക്കളെയും സർക്കാരുകളെയും കള്ളക്കേസിൽ കുടുക്കുകയും കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുകയും ചെയ്യുന്നുവെന്ന പ്രതിപക്ഷ ആരോപണം അനുകൂല തരംഗമാക്കാൻ കേജരിവാൾ കിണഞ്ഞു ശ്രമിക്കും. എന്നാൽ അഴിമതിക്കെതിരേയുള്ള പോരാട്ടത്തിനു ശക്തി പകരാനും ഇരട്ട എൻജിൻ സർക്കാരിന്റെ ആവശ്യകതയും ഉയർത്തിയാണു ബിജെപിയുടെ പ്രതിരോധം.
സൗജന്യങ്ങളുടെ വാഗ്ദാനപ്പെരുമഴയുമായാണു എഎപിയും ബിജെപിയും കോണ്‍ഗ്രസും വോട്ടർമാരെ സ്വാധീനിക്കുന്നത്. സിക്ക്, ഹിന്ദു വോട്ടർമാരിലും സ്ത്രീവോട്ടർമാരിലും ഇതരസംസ്ഥാന തൊഴിലാളികളിലും പാവപ്പെട്ടവരിലുമാണു കേജരിവാളിന്റെ പ്രതീക്ഷ. വൈദ്യുതി, വെള്ളം, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അടക്കമുള്ള സൗജന്യങ്ങളിലൂടെ ഡൽഹിയിലെ പാവങ്ങളെയും മധ്യമവർഗത്തെയും കൈയിലെടുക്കാൻ എഎപിക്കായി.
ഹിന്ദു വോട്ടുകളുടെ ധ്രുവീകരണവും ദളിത്, പിന്നാക്ക വോട്ടുകളും കേന്ദ്ര പദ്ധതികളും മോദി പ്രതിച്ഛായയും സഹായിക്കുമെന്ന പ്രതീക്ഷയിലാണു ബിജെപി. മുസ്ലിം, ക്രിസത്യൻ വോട്ടർമാരും ദളിത്, പിന്നാക്ക വോട്ടുകളുമാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേജരിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി 70ൽ 62ലും വിജയിച്ചു. എട്ടു സീറ്റുകളിലേക്ക് ബിജെപി ചുരുങ്ങിയപ്പോൾ കോണ്‍ഗ്രസ് വട്ടപ്പൂജ്യമായി. 2015ൽ എഎപിക്ക് 67 സീറ്റും ബിജെപിക്കു മൂന്നു സീറ്റുകളുമായിരുന്നു.
മൂന്നു വട്ടം തുടർച്ചയായുള്ള കോണ്‍ഗ്രസ് ഭരണം അവസാനിപ്പിച്ചെങ്കിലും 2013ൽ ബിജെപിക്ക് 32, എഎപിക്ക് 28, കോണ്‍ഗ്രസിന് എട്ട് എന്നിങ്ങനെയായിരുന്നു വിജയം.
എന്നാൽ 2014, 2019, 2024 ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ മോദിതരംഗത്തിൽ ബിജെപി സന്പൂർണ ആധിപത്യം നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയെ തടുക്കാനായി എഎപിയും കോണ്‍ഗ്രസും ഒന്നിച്ചെങ്കിലും ഇരുപാർട്ടികൾക്കും ഒരു സീറ്റിലും ജയിക്കാനായില്ല. ഇതേത്തുടർന്നാണ് കോണ്‍ഗ്രസ് സഖ്യം ഉപേക്ഷിച്ച് വീണ്ടും ഒറ്റയ്ക്കു മത്സരിക്കാൻ എഎപി തീരുമാനിച്ചത്.