പരിഷ്കരിച്ച കരട് ചട്ടങ്ങൾ പുറത്തിറക്കി യുജിസി
Wednesday, January 8, 2025 1:46 AM IST
ന്യൂഡൽഹി: യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനു (യുജിസി) കീഴിലുള്ള വിവിധ സർവകലാശാലകളിലേക്കുള്ള വൈസ് ചാൻസലർമാരുടെയും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമുള്ള പരിഷ്കരിച്ച കരട് ചട്ടങ്ങൾ പുറത്തിറക്കി.
പുതിയ കരട് ചട്ടപ്രകാരം വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയുടെ അധ്യക്ഷനെ നിർദേശിക്കുന്നത് സർവകലാശാല ചാൻസലറായിരിക്കും. കേരളത്തിലെ പ്രധാന സർവകലശാലകളിലെ ചാൻസലർ ഗവർണറായതിനാൽ വിസി നിയമനത്തിൽ ഗവർണർക്ക് കൂടുതൽ അധികാരം ലഭിക്കും. യുജിസി ചെയർമാനും സർവകലാശാല സിൻഡിക്കറ്റും നിർദേശിക്കുന്ന വ്യക്തികളെ സെർച്ച് കമ്മിറ്റിയുടെ രണ്ടും മൂന്നും അംഗങ്ങളായി നിയമിക്കാനും പുതിയ കരട് ചട്ടം നിർദേശിക്കുന്നു.
അപേക്ഷകരിൽനിന്ന് സെർച്ച് കമ്മിറ്റി നിർദേശിക്കുന്ന അഞ്ച് പേരുകളാണ് വിസി നിയമനത്തിനായി ചാൻസലറുടെ പക്കലെത്തുക. ഈ പേരുകളിൽനിന്നുമായിരിക്കും ചാൻസിലർ വിസിയെ നിയമിക്കുക. നിലവിലെ മാർഗനിർദേശമനുസരിച്ച് പ്രഫസറായി കുറഞ്ഞത് പത്തു വർഷത്തെ പരിചയമോ അല്ലെങ്കിൽ ഗവേഷണത്തിലോ അക്കാദമിക് അഡ്മിനിസ്ട്രേറ്റീവ് മേഖലയിലോ ഉള്ളവർക്കാണു വിസി തസ്തികയിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്. എന്നാൽ പുതിയ നിർദേശപ്രകാരം, വ്യവസായം, പബ്ലിക് അഡ്മിനിസ്ട്രേഷൻ, പബ്ലിക് പോളിസി അല്ലെങ്കിൽ പൊതുമേഖലാസ്ഥാപനങ്ങളിൽ കുറഞ്ഞത് പത്തു വർഷത്തെ സീനിയർ ലെവൽ പരിചയമുള്ള വ്യക്തികളെയും വിസി നിയമനത്തിനായി പരിഗണിക്കാമെന്ന് നിർദേശിക്കുന്നു.
യുജിസിയുടെ നിയമന മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ യുജിസിയുടെ പദ്ധതികളിൽനിന്ന് ഒഴിവാക്കുന്നതിനുപുറമെ ബിരുദ, ഓണ്ലൈൻ, വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നൽകുന്നതിൽനിന്നും വിലക്കുമെന്നും രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കുമെന്നും യുജിസിയുടെ കരട് മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നു.
മറ്റു വിഷയങ്ങളിലാണ് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ളതെങ്കിലും യുജിസി നെറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിൽ അധ്യാപക നിയമനങ്ങൾ നടത്താൻ സാധിക്കുമെന്നും കരട് മാർഗനിർദേശങ്ങളിൽ പറയുന്നു. അധ്യാപക നിയമനങ്ങൾക്ക് പിഎച്ച്ഡി നേടിയ വിഷയത്തിനാകും കൂടുതൽ മുൻഗണന. ഇവയ്ക്കുപുറമെ കരാർ അടിസ്ഥാനത്തിലുള്ള നിയമങ്ങൾ ആറു മാസത്തേക്കായിരിക്കും നടത്താൻ സാധിക്കുക.
സ്ഥിരം അധ്യാപക നിയമനത്തിന് പിന്തുടരുന്ന അതേ മാനദണ്ഡങ്ങൾ തന്നെയായിരിക്കും കരാർ നിയമനത്തിൽ പാലിക്കുക. ശന്പളവും ആനുകൂല്യങ്ങളും സ്ഥിരം അധ്യാപകർക്കു ലഭിക്കുന്ന അതേ തരത്തിൽ ലഭ്യമാക്കണമെന്നും കരട് മാർഗനിർദേശങ്ങളിൽ വ്യക്തമാക്കി.