നിമിഷപ്രിയയുടെ വധശിക്ഷ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് യെമൻ എംബസി
Tuesday, January 7, 2025 2:19 AM IST
ന്യൂഡൽഹി: മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ യെമൻ പ്രസിഡന്റ് റാഷിദ് അൽ അലിമി അംഗീകരിച്ചിട്ടില്ലെന്ന് യെമൻ എംബസി.
നിമിഷപ്രിയ പ്രതിയായ കുറ്റകൃത്യം നടന്നത് യെമനിലെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രവിശ്യയിലാണെന്നും അതിനാൽതന്നെ വധശിക്ഷ അംഗീകരിച്ചത് ഹൂതി സുപ്രീം പൊളിറ്റിക്കൽ കൗണ്‍സിലാണെന്നും യെമൻ എംബസി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
യെമനിലെ വിമതരായ ഹൂതികളുടെ പ്രവിശ്യയിൽ നടന്ന കുറ്റകൃത്യമായതുകൊണ്ട് നിമിഷപ്രിയയുടെ വധശിക്ഷയിൽ ഇളവ് നൽകേണ്ട തീരുമാനമെടുക്കേണ്ടതും ഹൂതി നേതൃത്വമാണെന്ന് വ്യക്തമാക്കുന്നതാണ് യെമൻ എംബസിയുടെ പ്രസ്താവന.
ആഭ്യന്തരയുദ്ധത്തിലൂടെ യെമൻ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടത്തിയ ഹൂതികളാണ് നിലവിൽ വടക്കൻ യെമനടക്കമുള്ള പ്രദേശങ്ങളുടെ നിയന്ത്രണം കൈക്കലാക്കിയിരിക്കുന്നത്. കുറ്റകൃത്യം നടന്നതും നിമിഷപ്രിയ ഇപ്പോൾ കഴിയുന്ന ജയിൽ സ്ഥിതി ചെയ്യുന്നതും ഹൂതി നിയന്ത്രണമുള്ള മേഖലയിലാണ്.