കേജരിവാളിന്റെ ഇഡി കസ്റ്റഡി നീട്ടി
Friday, March 29, 2024 1:03 AM IST
ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട പണത്തട്ടിപ്പു കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ റിമാൻഡ് ഏപ്രിൽ ഒന്നു വരെ നീട്ടി. ഡൽഹി റോസ് അവന്യു കോടതിയിലെ പ്രത്യേക സിബിഐ ജഡ്ജി കാവേരി ബവേജയാണ് കസ്റ്റഡി കാലാവധി നീട്ടിയത്.
കഴിഞ്ഞ 21 ന് രാത്രിയാണ് കേജരിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ആറു ദിവസത്തെ ഇഡി കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചതിനെത്തുടർന്നാണ് കേജരിവാളിനെ കോടതിയിൽ ഹാജരാക്കിയത്. കേസിൽ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടു കേജരിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു.
അതേസമയം, ഇഡി ചോദ്യം ചെയ്യുന്പോൾ കേജരിവാൾ ഒഴിഞ്ഞുമാറുകയാണെന്നും ഗോവയിലെ ചില വ്യക്തികളെ ഉൾപ്പെടുത്തി അദ്ദേഹത്തെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു കോടതിയെ അറിയിച്ചു. മുഖ്യമന്ത്രി എന്ന പ്രിവിലേജ് കേജരിവാൾ ഇഡിക്കു മുന്നിൽ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആംആദ്മി പാർട്ടി ഗോവ മേധാവി അമിത് പലേക്കറെയും മറ്റു പാർട്ടി നേതാക്കളെയും ചോദ്യം ചെയ്യാൻ കോടതി വിളിച്ചിട്ടുണ്ട്. ഇവരോട് ഇന്നലെ ഗോവയിലെ ഇഡി ഓഫീസിൽ എത്താനാണു നിർദേശിച്ചിരുന്നത്. ഇന്നലെ കോടതിയിൽ കേസ് നേരിട്ടു വാദിച്ച കേജരിവാൾ റിമാൻഡിനെ എതിർത്തില്ല. തനിക്കെതിരേയുള്ള കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് കോടതിയെ ധരിപ്പിച്ചു.
കേന്ദ്ര അന്വേഷണ ഏജൻസികൾ തനിക്കെതിരേ വരുന്ന തെളിവുകൾ മാത്രമാണ് ശേഖരിക്കുന്നത്. പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ അണ്ലോക്ക് ചെയ്യാൻ തന്നെ നിർബന്ധിക്കാനാവില്ലെന്നു കേജരിവാൾ കോടതിയെ ബോധിപ്പിച്ചു.
""നിരീക്ഷണം തുടരും'' പ്രതികരണവുമായി വീണ്ടും അമേരിക്ക
ന്യൂഡൽഹി: അരവിന്ദ് കേജരിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രതികരണം തുടർന്ന് അമേരിക്ക. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെത്തുടർന്ന് മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോണ്ഗ്രസ് ബുദ്ധിമുട്ടിലായെന്ന ആരോപണവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അമേരിക്കൻ വിദേശകാര്യ വക്താവ് മാത്യു മില്ലർ പറഞ്ഞു.
കേജരിവാളിന്റെ അറസ്റ്റുൾപ്പെടെയുള്ള കാര്യങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് യുഎസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി.
ഇതേ വിഷയത്തിൽ നേരത്തേ പ്രതികരിച്ചതിന് യുഎസ് ദൗത്യസംഘത്തിന്റെ ഉപമേധാവി ഗ്ലോറിയ ബെർബെനയെ നേരിട്ട് വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. ഇത്തരം പരാമർശങ്ങൾ അനാരോഗ്യകരമായ പ്രവണതയാണെന്നും മറ്റു രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കണമെന്നും ഇന്ത്യ പറഞ്ഞു. ഇതിനു പിന്നാലെയാണ് അമേരിക്ക വീണ്ടും പ്രതികരണം ആവർത്തിച്ചത്.
കേജരിവാളിന്റെ അറസ്റ്റിൽ നേരത്തേ ജർമൻ വിദേശകാര്യമന്ത്രാലയ വക്താവ് സമാനമായ അഭിപ്രായപ്രകടനം നടത്തിയപ്പോഴും ജർമൻ മിഷൻ ഡെപ്യൂട്ടി ചീഫിനെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചിരുന്നു.
അതേസമയം, അമേരിക്കയുടെ രണ്ടാമത്തെ പ്രതികരണത്തിനെതിരേയും കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. യുഎസ് വിദേശകാര്യ വക്താവിന്റെ പരാമർശങ്ങൾ അനാവശ്യവും അസ്വീകാര്യവുമാണെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.