ആശയറ്റവർ അൻപതാം നാളിൽ മുടി മുറിച്ചു
Tuesday, April 1, 2025 2:40 AM IST
തിരുവനന്തപുരം: അൻപത് നാളായി സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തുന്ന ആശാ വർക്കർമാർ സമരം കൂടുതൽ കടുപ്പിച്ച് മുടി മുറിച്ച് പ്രതിഷേധിച്ചു.
സെക്രട്ടേറിയറ്റ് പടിക്കലെ സമരവേദിയിലാണ് മുടി മുറിച്ച് സമരം നടത്തിയത്. ഈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് പല കേന്ദ്രങ്ങളിലും മുടിമുറിക്കൽ പ്രതിഷേധ സമരം നടന്നു.
വിശ്രമമില്ലാത്ത ജോലിയും വളരെക്കുറഞ്ഞ വേതനവുമായി ജീവിച്ചു പോകാനാകാത്ത സാഹചര്യത്തിലാണ് വേതനവർധനയും വിരമിക്കൽ ആനുകൂല്യവും ഉൾപ്പെടെയുള്ള അടിയന്തര ആവശ്യങ്ങൾ ഉയർത്തി തങ്ങൾ സെക്രട്ടേറിയറ്റ് പടിക്കൽ സമരം ആരംഭിച്ചതെന്നു സമരസമിതി വ്യക്തമാക്കി. സംസ്ഥാന ബജറ്റിനു മുമ്പ് ആരോഗ്യമന്ത്രിയെ മന്ത്രിയെ നേരിട്ടു കണ്ട് ആശാ വർക്കർമാർ നിവേദനം സമർപ്പിച്ചിരുന്നു.
ഈ ആവശ്യങ്ങളിൽ ഒന്നു പോലും പരിഗണിക്കാത്ത സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റ് പടിക്കലെ സമരം ആരംഭിച്ചത്. എന്നാൽ രാപകൽ സമരം 50 ദിവസവും നിരാഹാരസമരം 12 ദിവസവും പിന്നിടുമ്പോഴും ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയാറായിട്ടില്ല. ജില്ലകളിൽ ഒറ്റയ്ക്കും കൂട്ടായും ആശാ വർക്കർമാർ പ്രതിഷേധിച്ച് മുടി മുറിച്ചു.
ഐക്യദാർഢ്യം പ്രഖ്യാപിച്ച് പൊതുജനങ്ങളും മുടിമുറിക്കൽ സമരത്തിൽ പങ്കാളികളായി. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റ് പടിക്കലെ സമരവേദിയിൽ എത്തിയ മാർത്തോമ സഭ വൈദികൻ രാജു പി. ജോർജ് ആശാവർക്കർമാർക്കൊപ്പം സമരവേദിയിൽ മുടി മുറിച്ചു.
മാർത്തോമ സഭാ പരിസ്ഥിതി സമിതി അംഗം ഫാ വി. എം. മാത്യു, ഫാ.ഡി. സുനിൽ എന്നിവരും അദ്ദേഹത്തോടൊപ്പം സമരവേദിയിൽ എത്തി. യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി വീണാ നായരും സമരവേദിയിൽ എത്തി ആശാവർക്കർമാർക്കൊപ്പം മുടി മുറിച്ചു.
പ്രഫ.എം. കെ. സാനു, ഡോ.ഗീവർഗീസ് മാർ കൂറിലോസ്, സാമൂഹ്യ പ്രവർത്തകരായ കുസുമം ജോസഫ്, കെ. അജിത, മാധ്യമപ്രവർത്തക എം. സുചിത്ര തുടങ്ങി നിരവധി പേർ സമൂഹമാധ്യമ പോസ്റ്റുകളിലൂടെയും പ്രതികരണങ്ങളിലൂടെയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.