ഗിരീഷ് കർണാട് അവാർഡ് ഷമേജ് കുമാറിന്
അബ്ദുല്ല നാലുപുരയിൽ
Monday, April 21, 2025 11:37 AM IST
കുവൈറ്റ് സിറ്റി: ഇന്ത്യൻ തീയറ്റർ രംഗത്തെ പ്രതിഭാശാലിയായിരുന്ന ഗിരീഷ് കർണാടിന്റെ പേരിൽ പ്രവർത്തിക്കുന്ന ഗിരീഷ് കർണാട് തിയേറ്റർ സ്മാരക വേദിയുടെ അഞ്ചാമത് അവാർഡ് ഷമേജ് കുമാറിന് നൽകും.
പ്രവാസി തിയേറ്റർ രംഗത്തെ(നാടകം) സമഗ്ര സംഭാവനക്കുള്ള അവാർഡാണ് ഷമേജ് കുമാറിന് ലഭിക്കുക. ഡോ. ടി. ആരോമൽ, ഡോ. തുളസീധര കുറുപ്പ്, സബീർ കലാകുടീരം എന്നിവർ അടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
ഇരുപതോളം വർഷമായി കുവൈറ്റിൽ താമസിക്കുന്ന ഷമേജിനെ തേടി കേരള സംഗീത നാടക അക്കാദമിയുടെ മികച്ച സംവിധായകനുള്ള പുരസ്കാരം, ഗ്ലോബൽ തീയറ്റർ എക്സലെൻസ് അവാർഡ്, റോട്ടറി ഇന്റർനാഷണൽ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ എത്തിയിട്ടുണ്ട്.
കുവൈറ്റ് ഓയിൽ കമ്പനിയിൽ എൻജിനിയറായി ജോലി ചെയ്യുന്നു. നാടകത്തോടൊപ്പം ഷോർട് ഫിലിം രംഗത്തും സജീവമാണ് ഷമേജ് കുമാർ.
മേയ്19ന് രണ്ടിന് പത്തനംതിട്ട പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ അവാർഡ് വിതരണം ചെയ്യും.